ബാബരി മസ്ജിദ് മുതല്‍ രാംമന്ദിര്‍ വരെ; മാധ്യമങ്ങളും നിലപാടിലെ ഇരട്ടത്താപ്പും

media is the fourth pillar of democracy…. അതെ, ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിനാല്‍ത്തന്നെ നിലപാടിലുറച്ചുനില്‍ക്കുകയെന്നതും മാധ്യമങ്ങളുടെ കടമയും കര്‍ത്തവ്യവുമാണ്. എന്നാല്‍ ഈ മതേതര ഇന്ത്യയില്‍ കൃത്യമായി നിലപാടിലുറച്ചുനില്‍ക്കുന്ന എത്ര മാധ്യമങ്ങളെ നമുക്ക് കാണാനാകും ? രാജ്യത്ത് ഭരണം മാറുന്നതനുസരിച്ചും ഭരിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചും മാധ്യമപ്രവര്‍ത്തകരുടെ നിലപാട് മാറുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രയായിരിക്കും എന്നത് നഗ്നമായ സത്യം മാത്രമാണ്. 2024 ജനുവരി 22 എന്ന ദിവസത്തിനേക്കാളും ഏറെ പ്രത്യേകതയുള്ള ദിസവമായിരുന്നു 1992 ഡിസംബര്‍ ആറിന്. രാജ്യത്തെ മതേതരത്വം നഷ്ടപ്പെടാന്‍ തുടങ്ങിയത് എന്നുമുതലാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ.

1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ വാദികള്‍ അയോധ്യയിലെ ബാബരി മസ്ജിത് തകര്‍ത്തു കളഞ്ഞത്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമമമന്ദിര്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലെ പല മാധ്യമങ്ങളുള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ 1992 ഡിസംബര്‍ ആറ് എന്ന തീയതി സൗകര്യപൂര്‍വം മറന്നത്, മനപ്പൂര്‍വം തന്നെയാണ്. 1992 ഡിസംബര്‍ ഏഴിന് ബാബരി മസ്ജിത് പൊളിച്ചപ്പോള്‍ സംഘപരിവാറിനെതിരെ മാധ്യമങ്ങള്‍ ഘോരം ഘോരം പ്രസംഗിച്ചുവെങ്കില്‍ ഇപ്പോഴിതാ അതേ മാധ്യങ്ങള്‍ രാമരാജ്യത്തെ വാഴ്ത്തിപ്പാടുന്നു.

നിലപാടുകള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടുവെങ്കില്‍ അതിനര്‍ത്ഥം മാധ്യമങ്ങളുടെ ജനാധിപത്യം പൂര്‍ണമായി നശിച്ചുവെന്നാണ്. ഇത്രമേല്‍ മാധ്യങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ ഉറക്കെയുറക്കെ വിളിച്ചുപറയുന്നത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കില്‍ അതിന് 1992 ഡിസംബര്‍ ഏഴിന്റെയും 2024 ജനുവരി 22 ന്റെയും പത്രങ്ങള്‍ നോക്കിയാല്‍ മാത്രം മതിയാകും.

ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യയുടേയും ഇന്ത്യന്‍ എക്സ്പ്രസിന്റെയും  ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും മലയാളത്തില്‍ മലയാള മനോരമയുടെയും നിലപാടുകളിലെ ഇരട്ടത്താപ്പുകള്‍ പകല്‍പോലെ വ്യക്തമാണ്.

Also Read : അയോധ്യ പ്രാണപ്രതിഷ്ഠ; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രാണന്‍ നഷ്ടമാവുന്നു

ടൈംസ് ഓഫ് ഇന്ത്യ 1992 ഡിസംബര്‍ ആറിന് നല്‍കിയ തലക്കെട്ട്, ‘ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു’ എന്നായിരുന്നു. പള്ളിതകര്‍ക്കപ്പെട്ടപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ എഡിറ്റോറിയല്‍ റിപ്പബ്ലിക്ക് തകര്‍പ്പെട്ടു എന്നെഴുതിയപ്പോള്‍ 34 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ‘നീണ്ട കാത്തിരിപ്പിന് വിട, പുതിയ പുലരിയില്‍ അയോധ്യ ആവേശത്തിലാണ്’ എന്നായി മാറിയതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ലല്ലോ.

32വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഒരു രാഷ്ട്രം ഒറ്റിക്കൊടുക്കപ്പെട്ടു’ എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ പത്രം മുഖപ്രസംഗം എഴുതിയ ഇന്ത്യന്‍ എക്സ്പ്രസ് മൂന്ന് ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ‘ഉത്സവ ലഹരിയില്‍ അയോധ്യ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ഇന്ന്’ എന്ന നിലയിലേക്ക് നിലപാട് ചെറുതായൊന്ന് മാറ്റി.

അന്ന് ഒന്നാം പേജില്‍ രാഷ്ട്രത്തിന് നാണക്കേട് എന്ന തലക്കെട്ടോടെ ഒന്നാം പേജില്‍ മുഖപ്രസംഗം എഴുതിയ ഹിന്ദുസ്ഥാന്‍ ടൈംസ് ‘രാമക്ഷേത്രം ഗംഭീരമായ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു’ എന്നാണ് തിങ്കളാഴ്ച നല്‍കിയ തലക്കെട്ട്. മലയാളത്തില്‍ മലയാള മനോരമയുടെ കാര്യവും മറ്റൊന്നല്ല. ‘താഴികക്കുടങ്ങള്‍ തകര്‍ത്തു’ എന്നായിരുന്നു അന്നത്തെ തലക്കെട്ട് അതിന്ന് ‘രാമമന്ത്രം ചൊല്ലി അയോധ്യ’ എന്ന നിലയിലേക്ക് മാറിയതും അവിചാരിതമല്ല.

എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി 32വര്‍ഷങ്ങള്‍ക്ക് മുമ്പും ശേഷവും വാര്‍ത്താ കേന്ദ്രീകൃതമായി ഒന്നാം പേജ് ഡിസൈന്‍ ചെയ്ത പത്രമാണ് ദ ഹിന്ദു. ‘മാപ്പര്‍ഹിക്കാത്ത തെറ്റ്’ എന്ന തലക്കെട്ടോടെ അന്ന് മുഖപ്രസംഗം എഴുതിയിരുന്നെങ്കിലും ഒന്നാം പേജില്‍ ‘അയോധ്യ തകര്‍ക്കപ്പെട്ടു’ എന്ന വാര്‍ത്ത മാത്രമായിരുന്നു നല്‍കിയിരുന്നത്. ഇന്ന് മുഖപ്രസംഗം ഒന്നുമില്ലെങ്കിലും സാധാരണ പോലെ പ്രാണപ്രതിഷ്ഠ ഇന്ന്, ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം വഹിക്കും എന്ന തലക്കെട്ട് മാത്രമാണ് ‘ദ ഹിന്ദു’ നല്‍കിയിട്ടുള്ളത്.

ഇന്ത്യയില്‍ രാമരാജ്യം സൃഷ്ടിക്കാനൊരുങ്ങുന്ന ഹിന്ദുത്വവാദികള്‍ മതനിരപേക്ഷ രാഷ്ട്രത്തെ മനപ്പൂര്‍വം കൊന്നൊടുക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെ അജണ്ഡ നമുക്ക് മനസിലാക്കാം. എന്നാല്‍ വസ്ത്രം മാറുന്നതുപോലെ നിലപാടുകള്‍ മാറ്റിമറിക്കുന്ന മാധ്യമങ്ങളുടെ പിന്നിലെ അജണ്ഡ അവിചാരിതമാണെന്ന് ആരെങ്കിലും തെറ്റിധരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിലവിലെ ഇന്ത്യന്‍ രാഷ്രടീയത്തെ ഇനിയും മനസിലാക്കാന്‍ ഉണ്ടെന്നാണ് സാരം.

രാഷ്ട്രീയത്തിന് മുന്നില്‍ അണുവിട വ്യതിചലിക്കാതെ സ്വന്തം നിലപാടുകള്‍ ഉറക്കെ വിളിച്ചുപറയാന്‍ ഇന്ന് മാധ്യമങ്ങള്‍ ഭയക്കുന്നുവെങ്കില്‍ ഒന്നോര്‍ത്തോളൂ…. ജനാധിപത്യത്തിന്റെ നാലാംതൂണിന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. അത് പൂര്‍ണമായി നിലംപൊത്താതെ നോക്കേണ്ടത് ഏതൊരു ഇന്ത്യന്‍ പൗരന്റെയും കടമയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News