കവർച്ച നടത്തിയത് മോഷ്ടിച്ച സ്‌കൂട്ടറിൽ, കയ്യിലിരിപ്പിന്റെ കാര്യത്തിൽ മീശക്കാരൻ ചില്ലറക്കാരനല്ല

പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിലാണ് ടിക് ടോക്ക് താരവും കൂട്ടാളിയും കഴിഞ്ഞദിവസം പിടിയിലായത്. ടിക് ടോക്ക് ഇൻസ്റ്റഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീതും കൂട്ടാളിയും കഴിഞ്ഞ മാര്‍ച്ച് 23-ന് പട്ടാപ്പകലായിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച് കവര്‍ച്ച നടത്തിയത്.

കവർച്ചയ്‌ക്കെത്തിയ സ്‌കൂട്ടറാകട്ടെ മോഷ്ടിച്ചതും. കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജിൽ നിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. റീൽസിൽ മീശപിരിച്ച് സുമുഖനായെത്തി നിരവധിപ്പേരുടെ ഇഷ്ടപാത്രമായിമാറിയ മീശ വിനീതിന്റെ കയ്യിലിരിപ്പുകൾ ഏറെയാണെന്ന് പൊലീസ് കേസുകൾ വ്യക്തമാക്കുന്നു. പത്തോളം മോഷണക്കേസുകൾ, ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ വേണ്ടിയുള്ള ടിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളോട് പറഞ്ഞ് സമീപിച്ച് പീഡനം, അങ്ങനെ കേസുകൾ നിരവധി.

ഇന്ത്യനോയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്തുവെച്ചിരുന്ന സ്‌കൂട്ടറോടിച്ച് ഉടന്‍ തന്നെ അമിത വേഗതയില്‍ ഇവര്‍ കടന്നു കളഞ്ഞു. നിരവധി സിസിടിവി ക്യാമറകള്‍  പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here