കോടതി വിധികള്‍ കാറ്റില്‍പറത്തി അനധികൃത ഖനനം; സര്‍ക്കാര്‍ പിന്തുണ സംശയിക്കുന്നുവെന്ന് മേഘാലയ ഹൈക്കോടതി

ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ വകവെയ്ക്കാതെ അനധികൃതമായി തുടരുന്ന കല്‍ക്കരി ഖനനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് മേഘാലയ ഹൈക്കോടതി. നിയമവിരുദ്ധമായി നടക്കുന്ന കല്‍ക്കരി ഖനനത്തിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന സംശയവും ഹൈക്കോടതി ഉന്നയിച്ചു. ഖനി അപകടങ്ങളുടെയും ഖനനം ഉണ്ടാക്കുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളുടെയും പശ്ചാത്തലത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014 ല്‍ മേഘാലയയില്‍ കല്‍ക്കരി ഖനനത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.

സംസ്ഥാനത്തെ അനധികൃത കല്‍ക്കരി ഖനനം തടയുന്നതിന്റെ ഭാഗമായി ഹൈക്കോടതി സ്വമേധയാ പൊതുതാത്പര്യഹര്‍ജിയെടുത്തിരുന്നു. ഇത് പരിഗണിക്കവെയാണ് ഹൈക്കോടതി വിഷയത്തില്‍ ആശങ്കയറിയിച്ചത്. അനധികൃത കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിയുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി സ്വമേധയാ കേസെടുത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുവരെ കല്‍ക്കരി ഖനനം വലിയ തോതില്‍ വര്‍ധിച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്ന കല്‍ക്കരിയുടെ ഉറവിടം കണ്ടെത്താനോ, അവ ഉപയോഗിക്കുന്ന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്താനുമതിയുണ്ടോ എന്ന് പരിശോധിക്കാനോ ഉള്ള യാതൊരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന 57 കോക്ക് പ്ലാന്റുകള്‍ അടച്ചുപൂട്ടിയതായും ബാക്കിയുള്ളവയ്ക്കെതിരെ നടപടിയെടുക്കുകയാണെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് കോടതി ആവശ്യപ്പെട്ടു

ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനെര്‍ജിയുടെ നേതൃത്വത്തിലുള്ള ഫുള്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ജൂണ്‍ 8 ന് വീണ്ടും വിഷയം പരിഗണിക്കുമ്പോള്‍ അനധികൃത പ്ലാന്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെയും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാന്‍ സംസ്ഥാനത്തിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News