‘മെയ്തെയ് വിഭാഗക്കാര്‍ കുകികളെ തേടി വീടുകളില്‍ അതിക്രമിച്ച് കയറുന്നു’: മണിപ്പൂരിലെ മലയാളികള്‍

മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തെയ് വിഭാഗവും ന്യൂനപക്ഷ ആദിവാസി വിഭാഗമായ കുകികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികള്‍. മെയ്തെയ് വിഭാഗം കുകി ആദിവാസികളെ തേടി വീടുകളില്‍ അതിക്രമിച്ചു കയറുകയാണെന്നും ഇതില്‍ ആശങ്കയുണ്ടെന്നും ഇംഫാല്‍ റിംസ് (റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആശുപത്രിയിലെ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കൈരളി ഓണ്‍ലൈനോട് പറഞ്ഞു.

“ക‍ഴിഞ്ഞ ദിവസം വീട്ടിലേക്ക് കുറച്ച് ആളുകള്‍ അതിക്രമിച്ച് കയറി. ചോദിച്ചപ്പോള്‍ കുകികള്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടോ എന്ന് തേടാന്‍ വന്നതാണെന്നു പറഞ്ഞ് ഉള്ളില്‍ തിരഞ്ഞിട്ടാണ് അവര്‍ മടങ്ങിയത്.” കോ‍ഴിക്കോട് കാരപ്പറമ്പ് സ്വദേശിനി ഡോ.കെ ആതിര പറഞ്ഞു.  ഈ സം‍ഭവത്തോടെ ഇവര്‍ വീട്ടില്‍ നിന്ന് തത്കാലത്തേക്ക് ക്യംപസിലേക്ക് താമസം മാറ്റിയെന്നും പുറത്ത് താമസിക്കുന്നത് സുരക്ഷിതമല്ലെന്നും ആതിര പറഞ്ഞു. ഭര്‍ത്താവും കുട്ടിയുമായി ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പിജി പഠനത്തിനായി ആതിര ഇംഫാലില്‍ എത്തിയത്.

പുറത്ത് ഇറങ്ങി ഭക്ഷണം വാങ്ങാന്‍ ക‍ഴിയാത്ത സ്ഥിതിയാണെന്നും ഏത് നിമിഷം വേണമെങ്കിലും ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനവും കട്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കൊല്ലം സ്വദേശിയും റിംസിലെ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഡോ.വിശാഖ് വിശ്വംഭരന്‍ പറഞ്ഞു. ഒരു ദിവസത്തേക്ക് കൂടിയുള്ള ഭക്ഷണം കയ്യിലുണ്ടെന്നും പ്രശ്നം ഒതുങ്ങിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് അറിയില്ലെന്നും വിശാഖ് ആശങ്ക പങ്കുവച്ചു.

ഇംഫാലില്‍ വിന്യസിച്ചിരിക്കുന്നതില്‍ ചില മലയാളി സൈനികരോട് സംസാരിക്കാന്‍ ക‍ഴിഞ്ഞെന്നും തത്കാലം ഒരു കാരണവശാലും പുറത്തേക്ക് ഇറങ്ങരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും നാട്ടിലെത്താന്‍ നോര്‍ക്കയുമായി ബന്ധപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം മണിപ്പൂര്‍ ഭരണകൂടത്തില്‍ നിന്ന് ഇതുവരെ ഒരു സഹായമോ അറിയിപ്പോ ലഭിച്ചിട്ടില്ല. ഇംഫ്ലാല്‍ വെസ്റ്റിലാണ് ഇപ്പോള്‍ സംഘര്‍ഷത്തിന് നേരിയ അയവ് ഉണ്ടായതെന്നും പലയിടങ്ങളിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായാണ് മനസ്സിലാക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തണമെന്നതാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here