
ബോളിവുഡ് താരം ഷാരുഖ് ഖാൻ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവൻ്റുകളിലൊന്നായ മെറ്റ്ഗാല 2025ൽ പങ്കെടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ലുക്കിൽ സബ്യസാചി മുഖര്‍ജി ഡിസൈൻ ചെയ്‍ത വസ്‍ത്രം ധരിച്ചാണ് താരം മെറ്റ്ഗാല ബ്ലൂ കാര്‍പറ്റിലെത്തിയത്. മെറ്റ്ഗാല വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് ആകട്ടെ കേരളത്തിൽ നിന്നുള്ള സംരംഭമായ ‘നെയ്ത്ത് – എക്സ്ട്രാവീവ്’ ആണ്. മെറ്റ് ഗാലയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ നമ്മുടെ കേരളത്തിനും ഇത് അഭിമാന നിമിഷമാണ്. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയിൽ നിന്നുള്ള നെയ്ത്ത് – എക്സ്ട്രാവീവ് എന്ന കമ്പനി നിർമിച്ചുനൽകിയത്.
മെറ്റ്ഗാല ഫാഷൻ ഇവൻ്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് സെലിബ്രിറ്റികൾ പങ്കെടുക്കുന്നതാണ് മെറ്റ്ഗാല ഫാഷൻ ഇവൻ്റ്. ഇതിൽ കേരളത്തിന്റെ പങ്കാളിത്തം വ്യക്തമാക്കിക്കൊണ്ടും ആശംസിച്ചുകൊണ്ടും മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇതിനോടകം നിരവധിപ്പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
Also Read: ‘നരിവേട്ട’യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് ‘ഡ്രാഗൺ’ സിനിമയുടെ നിർമ്മാണ കമ്പനി എജിഎസ്
“Superfine: Tailoring Black Style,” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ മെറ്റ്ഗാല ഇവൻ്റിൽ ഇതിനേക്കാൾ പ്രമേയത്തോട് നീതിപുലർത്തുന്ന കാർപ്പറ്റുകൾ ഒരുക്കാനാകില്ലെന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. 90 ദിവസം 480 തൊഴിലാളികൾ. ഇവർ നെയ്തെടുത്ത കാർപ്പറ്റുകൾ ലോകത്തിൻ്റെയാകെ മനം കവർന്നിരിക്കുകയാണ്. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാർപ്പറ്റുകൾ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്‌സ്ട്രാവീവ്‌സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിന്റെ ടെക്‌സ്‌റ്റൈൽ പെരുമ ലോകമാകെ എത്തിച്ചിരിക്കുകയാണ്. 2022ലും 2023ലും മെറ്റ്ഗാല ഇവന്റിനായി എക്‌സ്ട്രാവീവ്‌സ് കാർപ്പറ്റുകൾ നിർമ്മിച്ചുനൽകിയിരുന്നു. ഏതായാലും കേരളത്തിന്റെയും നമ്മുടെ ആലപ്പുഴയുടെയും പേര് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here