
തൊഴിലിടങ്ങളിൽ ജീവനക്കാരെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി മെറ്റ. ഇതിനായി ജീവനക്കാരുടെ എ.ഐ ഉപയോഗം നിരീക്ഷിക്കാനായി ‘ടോക്കൺ’ എന്ന സംവിധാനം ഒരുക്കിയിരിക്കയാണ് മെറ്റ. ജീവനക്കാർ കമ്പ്യൂട്ടറിൽ എന്ത് ടൈപ് ചെയ്യുന്നു, എവിടെ ക്ലിക്ക് ചെയ്യുന്നു, എന്ത് കാണുന്നു തുടങ്ങിയ സകല കാര്യങ്ങളും ഈ സംവിധാനത്തിലൂടെ ഇനി അറിയാം. ഒരു വാക്കിലെ നാല് അക്ഷരങ്ങൾക്ക് തുല്യമാണ് ഒരു ടോക്കൺ. എ.ഐ ഉപയോഗത്തിന്റെ ഒരു യൂനിറ്റായാണ് ടോക്കൺ കണക്കാക്കപ്പെടുന്നത്. ഒരു ജീവനക്കാരൻ എത്ര ടോക്കൺ ഉപയോഗിക്കുന്നുവെന്നാണ് നിരീക്ഷിക്കുക.
കമ്പനിയുടെ എ.ഐ മോഡലുകൾ പരിശീലിപ്പിക്കുക എന്നതാണ് ജീവനക്കാരെ നിരീക്ഷിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് മെറ്റ വക്താവ് ട്രേസി ക്ലേട്ടൺ നൽകുന്ന വിശദീകരണം. പിന്നാലെ, ഇരുട്ടടിയായി കോർപറേറ്റ് ലാപ്ടോപ് ഒഴിവാക്കി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന മെറ്റയുടെ ചീഫ് ടെക്നോളജി ഓഫിസർ ആൻഡ്രൂ ബോസ്വേർതിന്റെ പ്രഖ്യാപനം വന്നു.
ALSO READ; ബോധക്ഷയം പ്രവചിക്കുന്ന സ്മാർട്ട് വാച്ച് ! അതിശയിപ്പിക്കാനൊരുങ്ങി സാംസങ്
പക്ഷേ, സ്വകാര്യതയുടെ ലംഘനമായാണ് ഈ നീക്കത്തെ ജീവനക്കാർ കണ്ടത്. പ്രതിഷേധവും പ്രതികരണവുമായി അവർ സമൂഹ മാധ്യമങ്ങളിൽ ആളിക്കത്തി. അങ്ങേയറ്റം അസ്വസ്ഥനാക്കുന്നുവെന്നാണ് മെറ്റയുടെ പ്രഖ്യാപനത്തോട് ഒരു എൻജിനീയറിങ് മാനേജർ പ്രതികരിച്ചത്.
കോടിക്കണക്കിന് ഡോളർ മുടക്കി എ.ഐ സാങ്കേതിക വിദ്യ പൂർണമായും നടപ്പാക്കാനാണ് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി എ.ഐ ടൂളുകൾ ഉപയോഗിക്കാൻ 78,000 ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. 2022ൽ ഓപ്പൺ എഐ, ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ട് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് വൻ അഴിച്ചുപണിക്ക് മെറ്റ പദ്ധതിയിട്ടത്.
10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം മേയ് 20ന് നടപ്പാക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. ആരൊക്കെ കമ്പനി വിട്ടുപോകേണ്ടിവരുമെന്ന ആശങ്കയിലും ഉത്കണ്ഠയിലുമാണ് അവർ കഴിയുന്നത്. എന്തായാലും ഒരു ദീർഘകാല കരിയർ കെട്ടിപ്പടുക്കാൻ പറ്റിയ ഇടമല്ല മെറ്റ എന്ന് ബോധ്യമായി. പലരും പുതിയ തൊഴിലവസരങ്ങൾ അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

