
ആരാധകരുടെ പ്രിയപ്പെട്ട പോപ് ഗായകൻ മൈക്കൽ ജാക്സനെതിരെ വീണ്ടും ലൈംഗികാരോപണം. നാല് സഹോദരങ്ങളാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. മൈക്കൽ ജാക്‌സന്റെ ‘എസ്റ്റേറ്റി’നെതിരെ (മരണ ശേഷം മൈക്കൽ ജാക്‌സന്റെ സ്വത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നവർ) ഇവർ സിവിൽ നിയമനടപടിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫെബ്രുവരിയിലാണ് ഹർജി ഫയൽ ചെയ്തത്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
2000 ത്തിലാണ് മൈക്കൽ ജാക്സണിൽ നിന്ന് തങ്ങൾക്ക് ദുരനുഭവമുണ്ടായതെന്ന് ആണ് ഇവർ പറയുന്നത്. കുട്ടികളായിരിക്കെ തങ്ങൾക്ക് മയക്കുമരുന്ന് നൽകി വർഷങ്ങളോളം ഇദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. പരാതിക്കാർക്ക് ഏഴും എട്ടും വയസ്സുള്ളപ്പോൾ മുതൽ ഒരു ദശാബ്ദത്തോളം പീഡനം നീണ്ടുനിന്നുവെന്നും ഹർജിയിൽ പറയുന്നു.
ALSO READ: പെരുമ്പാവൂരുകാരനായ ജയറാമിന് തമിഴ്നാട്ടിൽ വോട്ടോ?വിശദീകരണവുമായി മകൻ കാളിദാസ്
കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് പീഡനം
മൈക്കൽ ജാക്‌സൺ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇവരുടെ പിതാവ്. ഈ ബന്ധം മുതലെടുത്താണ് ജാക്‌സൺ കുടുംബവുമായി കൂടുതൽ അടുക്കുന്നത്. കൺസർട്ട് ടൂറുകളിൽ ഒപ്പം കൊണ്ടുപോയും ഇരകളുടെ വീട്ടിൽ സന്ദർശനം നടത്തുമ്പോഴുമായിരുന്നു പീഡനം. ഇക്കാര്യം കുട്ടികളുടെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. സഹോദരങ്ങൾ പരസ്പരവും മാതാപിതാക്കളും പീഡനവിവരം അറിയാത്ത രീതിയിൽ മൈക്കൽ ജാക്‌സൺ ഇവരെ ബ്രെയ്ൻ വാഷ് ചെയ്തു എന്നും ഹർജിയിൽ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ പൂർണമായും അടിസ്ഥാനരഹിതമാണെന്നും പണം തട്ടാനുള്ള അവരുടെ നീക്കമാണിതെന്നും മൈക്കൽ ജാക്‌സന്റെ എസ്റ്റേറ്റ് പ്രതികരിച്ചു.
ജാക്‌സൺ അന്തരിച്ച് 15 വർഷത്തിന് ശേഷം ഇങ്ങനെയൊരു പരാതി ഉന്നയിച്ചത് ദുരൂഹമാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ആണ് എസ്റ്റേറ്റിന്റെ അഭിഭാഷകൻ മാർട്ടിൻ സിംഗർ പറയുന്നത്. നേരത്തെയും സമാനമായ ആരോപണങ്ങൾ ജാക്‌സണെതിരെ ഉയർന്നിട്ടുണ്ടെങ്കിലും ജീവിച്ചിരുന്നപ്പോൾ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

