മിഥുനത്തിലെ ലൈൻമാൻ കെ ടി കുറുപ്പിനെ ഓർമ്മയില്ലേ?

സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഓർത്തെടുക്കാനുള്ള വക നൽകിയാണ് ഇന്നസെന്റിന്റെ മടക്കം. അറുനൂറിലധികം ചിത്രങ്ങൾ. അതിൽ തന്നെ ഓർത്തെടുക്കാൻ പാകത്തിന് മനസ്സിൽ പതിഞ്ഞുകിടക്കുന്ന അനേകം കഥാപാത്രങ്ങൾ. ധിക്കാരിയായും,ജ്യേഷ്ഠനായും,കൂട്ടുക്കാരനായും അച്ഛനായും അങ്ങനെ അങ്ങനെ നിറഞ്ഞാടി ഇന്നസെന്റ് എന്ന ഇന്നച്ചൻ.

ഒരുപക്ഷെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ എല്ലാക്കാലത്തും ഓർത്തെടുക്കാൻ കഴിയുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കും പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം എന്ന ചിത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച ലൈൻമാൻ കെ ടി കുറുപ്പ് എന്ന കഥാപാത്രം.

ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവന്റെ ജ്യേഷ്ഠനായാണ് ഇന്നസെന്റ് എത്തുന്നത്. ധിക്കാരിയായ ആരെയും വകവെയ്ക്കാതെ ഒരു കഥാപാത്രമായിട്ടാണ് ഇന്നസെന്റ് ചിത്രത്തിൽ എത്തുന്നത്. ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കുന്ന സേതുമാധവന് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിലാണ് സിനിമ ആരംഭിക്കുന്നത്.അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന ഉദ്യോഗസ്ഥവൃന്ദങ്ങളിൽ നിന്നും ഫാക്ടറിക്കുള്ള അനുമതി നേടിയെടുക്കാൻ വിയർക്കുന്ന സേതുവിൻറെ കൂടെ ഫാക്ടറിയിൽ വളരെ അഹംഭാവത്തോടെ നിൽക്കുന്ന ഇന്നസെന്റിനെ നമുക്ക് മറക്കാനാവുമോ? പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന്റെ കരണംനോക്കി പൊട്ടിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമെല്ലാം സിനിമയെ കൂടുതൽ നമ്മളിലേക്ക് അടുപ്പിക്കുന്നു.

1972 ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെൻറിൻറെ ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളിൽ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവൺഗരെയിൽ തീപ്പെട്ടിക്കമ്പനി നടത്തി. ദാവൺഗരെയിൽ നിന്ന് നാട്ടിലെത്തിയ ഇന്നസെൻറ് ബിസിനസുകൾ ചെയ്യുകയും രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

1986 മുതലാണ് ഇന്നസെൻറ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989 ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെൻറിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാർ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകൾ നിർമിക്കുകയും രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഓർമ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിർമിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചൻ, കീർത്തനം എന്നീ സിനിമകൾക്കാണ് ഇന്നസെൻറ് കഥ എഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News