ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം; മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജനുവരി 18 മുതല്‍ 21 വരെ തിരുവല്ലയില്‍ നടക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം ‘ മൈഗ്രേഷന്‍ കോണ്‍ക്ലേവ് – 2024 ‘ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി ഡോ തോമസ് ഐസക് അറിയിച്ചു. മൂവായിരംപേര്‍ നേരിട്ടും ഒരു ലക്ഷം പേര്‍ ഓണ്‍ലൈനായും പങ്കെടുക്കുന്നതിനായുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്തു കഴിഞ്ഞു. വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസികളുടെ പങ്ക് എന്നതാണ് കോണ്‍ക്ലേവിന്റെ കേന്ദ്ര പ്രമേയം.

ALSO READ:  കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ച് മന്ത്രിസഭായോഗം

തിരുവല്ല പബ്ലിക് സ്റ്റേഡിയം, തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ ചര്‍ച്ച് ഹാള്‍, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാള്‍, ശാന്തി നിലയം, തിരുവല്ല ഗവണ്‍മെന്റ് എംപ്ലോയിസ് ബാങ്ക് ഹാള്‍, കുറ്റപ്പുഴ മാര്‍ത്തോമാ കോളേജ് എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
18ന് വൈകിട്ട് 4ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാസംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പ്രമുഖ സംഗീതജ്ഞരായ ശിവമണി, സ്റ്റീഫന്‍ ദേവസ്യ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ് അരങ്ങേറും. 19ന് ഇന്ത്യന്‍ സമയം രാവിലെ 7 മണി മുതല്‍ 20ന് പുലര്‍ച്ചെ 4 മണി വരെ തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപോലീത്തന്‍ ചര്‍ച്ച് ഹാള്‍, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാള്‍, ശാന്തി നിലയം, ഗവണ്‍മെന്റ് എംപ്ലോയിസ് ബാങ്ക് ഹാള്‍ എന്നി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍, ഇന്ത്യ, ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ നാല് ആഗോള മേഖലകളായി തിരിച്ച് വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണി പരിശീലനം, സംരംഭകത്വ വികസനം എന്നിവ പ്രധാന വിഷയങ്ങളാക്കി ആഗോള സമ്മേളനം ചേരും. മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, ഡോ. ആര്‍ ബിന്ദു, കെ എന്‍ ബാലഗോപാല്‍, വീണാ ജോര്‍ജ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. മറ്റ് മന്ത്രിമാര്‍ ഓണ്‍ലൈനായും നേരിട്ടും ഇതില്‍ പങ്കാളികളാകും.

ALSO READ:  സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍

20, 21 തീയതികളില്‍ മാര്‍ത്തോമാ കോളേജിലെ 10 വേദികളില്‍ നടക്കുന്ന 60 സെമിനാറുകളിലായി 600 പേപ്പറുകള്‍ അവതരിപ്പിക്കും. സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ ലോക പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 20ന് വൈകിട്ട്4 മണിക്ക് മാര്‍ത്തോമാ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രവാസ സാഹിത്യത്തെ കുറിച്ച് ചര്‍ച്ച നടക്കും. 21 ന് അവതരിപ്പിക്കപ്പെട്ട പേപ്പറുകളുടെയും, ചര്‍ച്ചയുടെയും, സെമിനാറുകളുടെയും ക്രോഡീകരണം നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ പൈലറ്റ് പദ്ധതികളുടെ പ്രഖ്യാപനം നടത്തും. 2024 ഡിസംബറില്‍ തിരുവനന്തപുരത്ത് ചേരുന്ന ലോക കേരള സഭയുടെ മുന്നോടിയായാണ് തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും, പത്തനംതിട്ട വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി മൈഗ്രേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. 75 വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.  www.migrationconclave.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News