
തിരുവനന്തപുരം: മിൽമയുടെ പേരിനോടും രൂപകൽപ്പനയോടും സാമ്യതയുള്ള ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് മിൽന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി പിഴ ചുമത്തിയത്. മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ) സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ അടക്കാൻ സ്ഥാപനത്തിന് നിർദേശം നൽകി.
ALSO READ; തിരുവനന്തപുരത്ത് കോണ്‍ഗ്രസ്- ബി ജെ പി സംയുക്ത സമരം; വി ഡി സതീശനും വി വി രാജേഷും ഒരേ വേദിയില്‍
മിൽമക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here