കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തേ പിടിക്കാമായിരുന്നു, മന്ത്രി എ.കെ ശശീന്ദ്രൻ

കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തേ പിടിക്കാമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കോടതിയിൽ ഹർജി പോയതുകൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങൾ ആശങ്കയിലായത്. ജനങ്ങളുടെ സാന്നിധ്യം ദൗത്യം പൂർത്തിയാക്കുന്നതിന് സഹായകരമല്ലെന്നും വിമർശനമുന്നയിക്കുന്നവർക്ക് മാറി നിന്ന് വിമർശനമുന്നയിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

അരിക്കൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്നും അവർ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. ചൂട് കൂടുതലായതു കൊണ്ടാകാം ഇന്ന് അരിക്കൊമ്പനെ കണ്ടെത്താനാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ചിന്നക്കനാൽ മേഖലയെ ഭീതിയിലാക്കുന്ന അരിക്കൊമ്പനെ പിടികൂടിയാൽ എങ്ങോട്ടു കൊണ്ടു പോകുമെന്ന കാര്യത്തിൽ വനംവകുപ്പ് രഹസ്യാത്മകത സൂക്ഷിക്കുമ്പോൾ അരിക്കൊമ്പനെ തെക്കൻ ജില്ലയിലേക്ക് മാറ്റുമെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. പെരിയാർ വന്യജീവി സങ്കേതത്തിനാണ് പ്രാമുഖ്യം നൽകുന്നത്. ചിന്നക്കനാൽ വനത്തിലെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന വനമേഖലയാണ് പെരിയാർ വന്യജീവി സങ്കേതം. അതുകൊണ്ടാണ് അനുയോജ്യമായ ഇടം ഇതാണെന്ന നിലയിലേക്ക് വനംവകുപ്പ് എത്തിയത്. ഒപ്പം ഈ മേഖലയിൽ ജനവാസ കേന്ദ്രം താരതമ്യേന കുറവുമാണ്.

777 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് എന്നത് അനുകൂല ഘടകമായും പരിഗണിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതമാണ് മാറ്റാൻ സാധ്യതയുള്ള മറ്റൊരിടം. അഗസ്ത്യാർകൂട മേഖലയിൽ ആൾതാമസം ഇല്ലാത്തതും പൂർണമായും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗവുമാണ് അഗസ്ത്യാർകൂടം, കൂടാതെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു എന്നതിനാൽ വന വിസ്തൃതിയുടെ കാര്യത്തിൽ അനുകൂലമാണ്. പിടികൂടുന്ന അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷമാകും പുതിയ ഇടത്തേക്ക് മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News