
കേന്ദ്ര ഉപഭോക്തൃകാര്യ- ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ. പി. സന്തോഷ് കുമാർ എംപിയോടൊപ്പം നടത്തിയ കൂടിക്കാഴ്ചയിൽ ഓണക്കാലത്ത് കൂടുതൽ അരിവിഹിതം ലഭ്യമാക്കുന്നത് അടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു.
കൂടിക്കാഴ്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ:
1) ഓണക്കാലത്ത് കൂടുതൽ അരിവിഹിതം ലഭ്യമാക്കണം.
മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡ്‌കാർക്ക് മാത്രമേ നിലവിൽ എൻ.എഫ്.എസ്.എ നിയമപ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ. ഇതിന് പുറമേ ലഭിക്കുന്ന പരിമിതമായ ടൈഡോവർ വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാനം റേഷൻ നല്‌കുന്നത്.
ഉപഭോക്തൃ സംസ്ഥാനവും ഭക്ഷ്യക്കമ്മി സംസ്ഥാനവുമായ കേരളത്തെ സംബന്ധിച്ചിടത്തോളം റേഷൻ ധാന്യത്തിന്‍റെ ലഭ്യത എന്നത് സാമ്പത്തികമായ ദുർബലതയുടെ മാത്രം പ്രശ്‌നമല്ല. ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ പൊതു മാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. മുൻഗണനേതര കുടുംബങ്ങൾക്ക് ഓണക്കാലത്ത് അധികമായി 5 കിലോ അരി അനുവദിക്കുന്നതിനും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
2) കേരളത്തിന് മുമ്പ് ടൈഡോവർ വിഭാഗത്തിൽ ഗോതമ്പ് അലോട്ട്മെൻറ് ഉണ്ടായിരുന്നു അത് പുന:സ്ഥാപിക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
3) റേഷൻ കടകളിൽ ഗുണഭോക്താക്കളുടെ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞ് അർഹമായ വിഹിതം നൽകുന്ന സാങ്കേതിക ഉപകരണമാണ് ഇ-പോസ്മെഷീൻ. ഇത് LO എന്നതിൽ നിന്ന് L1 എന്ന നിലവാരത്തിലേക്ക് ഒരു സാങ്കേതികമായ അപ്ഗ്രഡേഷൻ നടത്തുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. ഈ സമയപരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.
4) ലീഗൽ മെട്രോളജി വകുപ്പിൽ വെയ്ബ്രിഡ്‌ജ് വെരിഫിക്കേഷൻ കിറ്റും പുതിയ വാഹനങ്ങളും അനുവദിക്കണം.
ഭക്ഷ്യമന്ത്രി പ്രഹ്ളാദ് ജോഷിയെ സംസ്ഥാനത്തെ പൊതുവിതരണ വകുപ്പ് ആറു പതിറ്റാണ്ട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ആഘോഷ പരിപാടികളുടെ സമാപനത്തിന് കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയെയും മന്ത്രി സന്ദർശിച്ചു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കഴിഞ്ഞ വർഷങ്ങളിൽ ക്രമാനുഗതമായി കുറച്ച് വരികയായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ആവശ്യപ്രകാരം ഇത്തവണ 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് ലിഫ്ററ് ചെയ്യുന്നതിന് ജൂൺ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. മൺസൂൺ മൂലമുണ്ടായ ഗതാഗത തടസ്സങ്ങളും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം ഇത് സെപ്റ്റംബർ 30വരെ ദീർഘിപ്പിക്കണം എന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
അരി, ഗോതമ്പ് ഇവ അനുവദിക്കുന്ന കാര്യം നിലവിൽ പരിഗണിക്കാൻ കഴിയുകയില്ല എന്ന് മറുപടിയാണ് കേന്ദ്രമന്ത്രിമാരിൽ നിന്ന് ലഭിച്ചത്. ഇ പോസ് മിഷ്യൻ അപ്ഗ്രഡേഷൻ, മണ്ണെണ്ണ വിട്ടെടുപ്പ് എന്നിവയുടെ നിർദിഷ്ട സമയപരിധി സപ്തംബർ 30 വരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ അറുപതാം വാർഷികവും സപ്ലൈകോയുടെ അമ്പതാം വാർഷികവും സംബന്ധിച്ച ആഘോഷങ്ങളുടെ സമാപന പരിപാടിയിൽ പങ്കെടുക്കുന്നതിന് ഉള്ള ക്ഷണം മന്ത്രി സ്വീകരിച്ചു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here