എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ആശ്വാസം നൽകുന്ന ചരിത്രപരമായ തീരുമാനം; വയനാട്ടിലെ മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചതായി മന്ത്രി കെ രാജന്‍

k rajan makkimala

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ പ്രയോജനം ലഭിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. 1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു.

എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ നിരവധി ആളുകള്‍ ആ ഭൂമിയില്‍ താമസിക്കുകയോ കൈവശം എടുക്കുകയോ ചെയ്തില്ല. ഇത്തരത്തില്‍ കൈവശം എടുക്കാത്ത ഭൂമിയില്‍ ആദിവാസികളുള്‍പ്പെടെ ഭൂരഹിതരായ നിരവധി ആളുകള്‍ കുടിയേറുകയുണ്ടായി.

ALSO READ; ‘പോക്കുവരവ് ചട്ടങ്ങളില്‍ സമഗ്ര ഭേദഗതി; ഇനി മുതല്‍ ഭൂമി കൈമാറ്റം സുതാര്യമാകും’: മന്ത്രി കെ രാജന്‍

ഭൂമി കൈവശം എടുത്തവര്‍ നിരവധി കൈമാറ്റങ്ങള്‍ നടത്തി. പട്ടയ ഭൂമിയില്‍ കുടിയേറ്റം നടത്തിയ 150 ലധികം കൈവശക്കാര്‍ക്ക് പട്ടയം നല്‍കാനും അഞ്ഞൂറിലധികം കൈവശക്കാര്‍ക്ക് അവരുടെ ആധാരത്തിന് അനുസരിച്ച് പോക്കുവരവ് ചെയ്യാനും കരം ഒടുക്കാനും അനുമതി ലഭിക്കും. പട്ടയ ഭൂമിയില്‍ നിലനിന്നിരുന്നതും സര്‍ക്കാര്‍ റിസര്‍വ് ചെയ്തിരുന്നതുമായ വിലപിടിപ്പുള്ള സംരക്ഷിത മരങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതു മൂലമാണ് പട്ടയ വിതരണവും പോക്കുവരവും തടസ്സപ്പെട്ടത്. മരങ്ങള്‍ നഷ്ടപ്പെട്ടതില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മരങ്ങള്‍ നഷ്ടപ്പെട്ട കാലഘട്ടം പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ അര്‍ഹരായ കൈവശക്കാര്‍ പട്ടയം ലഭിക്കുന്നതിന് വേണ്ടി നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി. മരങ്ങളുടെ ബാധ്യത നിലവിലെ കൈവശക്കാരില്‍ നിന്നോ കുറ്റക്കാരില്‍ നിന്നോ ഈടാക്കണമെന്ന വ്യവസ്ഥ പട്ടയം നല്‍കുന്നതിന് തടസ്സമായി മാറി. ഇതുകൊണ്ട് തന്നെ പട്ടയ ഉടമസ്ഥരില്‍ നിന്നും ഭൂമി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയവര്‍ക്ക് പോക്കുവരവും ലഭിക്കാത്ത സാഹചര്യവുമുണ്ടായി.

ALSO READ; തിരുവനന്തപുരം: നഗരസഭയ്ക്ക് കീഴിൽ പുതുതായി 100 പ്രദേശങ്ങൾ കൂടി ചുമട്ടുതൊഴിലാളി തൊഴിൽ ക്രമീകരണവും ക്ഷേമവും പദ്ധതിയിൽ ഉൾപ്പെടുത്തി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മക്കിമലയില്‍ ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് പട്ടയം നല്‍കുക എന്നത് ഒരു മുഖ്യവിഷയമായി പരിഗണിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ നിരവധി യോഗങ്ങള്‍ റവന്യൂ മന്ത്രി നേരിട്ട തന്നെ വിളിച്ചു ചേര്‍ക്കുകയുണ്ടായി. ക്രൈംബ്രാഞ്ച്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ജില്ലാതല യോഗത്തില്‍ നഷ്ടപ്പെട്ട മരത്തിന്റെ ബാധ്യത തിട്ടപ്പെടുത്താന്‍ സാധിക്കില്ലായെന്നും ആരുടെ കൈവശത്തില്‍ നിന്നാണ് മരങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് നിശ്ചയിക്കാന്‍ കഴിയില്ലായെന്നും വ്യക്തമായി. തുടര്‍ന്ന് വിശദമായ സര്‍വ്വെ നടത്തി നിലവിലെ കൈവശക്കാരില്‍ ആരുടെയെല്ലാം കൈവശ ഭൂമിയിലാണ് സംരക്ഷിത മരങ്ങള്‍ ഇപ്പോള്‍ നിലവിലുള്ളതെന്നും നഷ്ടപ്പെട്ടത് ഏത് ഭൂമിയില്‍ നിന്നും കണ്ടെത്തുന്നതിനായി സര്‍വ്വെ ടീമിനെ നിയോഗിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റേയും കേസിലെ വിധിക്കും അനുസൃതമായി മരങ്ങളുടെ ബാധ്യത തിട്ടപ്പെടുത്താമെന്നും ഇപ്പോള്‍ മരങ്ങളുടെ ബാധ്യത ഒഴിവാക്കി പട്ടയം നല്‍കാനും, പോക്കുവരവ് ചെയ്തു കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതു വഴി മക്കിമലയില്‍ പട്ടിക വര്‍ഗ്ഗക്കാരുള്‍പ്പെടെ ആയിരത്തിലധികം ഭൂരഹിതര്‍ ഭൂമിയുടെ അവകാശികളായി മാറുന്ന ചരിത്രപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. പട്ടയ വിതരണത്തിനുള്ള നടപടികളും നിയമാനുസൃത പോക്കു വരവിനുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News