‘എത്ര സൂക്ഷ്മമായാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയം വാര്‍ത്തയില്‍ വിന്യസിക്കുന്നത്? പത്രവായന തലക്കെട്ടില്‍ ഒതുക്കരുത്’: മന്ത്രി എം ബി രാജേഷ്

മാതൃഭൂമിക്കും മലയാള മനോരമയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ റവന്യു വരുമാനം കുറഞ്ഞതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമിക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കേരളത്തിന്റെ റവന്യൂ വരുമാനം കൂപ്പുകുത്തിയതിന്റെ ഏക കാരണം കേന്ദ്രവിഹിതം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ വെട്ടിക്കുറച്ചതാണെന്നിരിക്കെ മാതൃഭൂമി തലക്കെട്ടില്‍ വസ്തുത മറച്ചുവെച്ചതായി മന്ത്രി പറയുന്നു. ഇന്ത്യയിലെഎല്ലാ പത്രങ്ങളുടെയും പ്രധാന വാര്‍ത്തയായിട്ടുള്ള വിലക്കയറ്റം, മലയാള മനോരമയ്ക്ക് ബിസിനസ് പേജിലെ മാത്രം വാര്‍ത്തയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

also read- അന്ന് ജീവിക്കാന്‍ ഉണ്ണിയപ്പവുമായി തെരുവിലിറങ്ങി; ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ച് വിഷ്ണുപ്രിയ യാത്രയായി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെ പ്രധാനപ്പെട്ട രണ്ട് വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന പത്രങ്ങള്‍ കൈകാര്യം ചെയ്ത രീതി ഏറെ ശ്രദ്ധിക്കേണ്ടതാണ്. മാതൃഭൂമിക്ക് ഇന്ന് രണ്ട് പത്രങ്ങളുണ്ട്. അതില്‍ ഒന്നിലെ ഒന്നാം പേജ് ലീഡ് ‘കേരളത്തിന്റെ റവന്യൂ വരുമാനം കൂപ്പുകുത്തി, കുറഞ്ഞത് 16.2%’ എന്നാണ്. അതിന് താഴെ കേന്ദ്രഗ്രാന്റ് കുത്തനെ കുറഞ്ഞതാണ് പ്രധാന കാരണമെന്നും, കേരളത്തിന്റെ തനതു നികുതി വരുമാനം 12.6% കൂടിയിട്ടും പ്രയോജനമുണ്ടായില്ല എന്നും കൊടുത്തിട്ടുണ്ട്. അതായത് കേരളത്തിന്റെ റവന്യൂ വരുമാനം കൂപ്പുകുത്തിയതിന്റെ ഏക കാരണം കേന്ദ്രവിഹിതം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ വെട്ടിക്കുറച്ചതാണ്. യഥാര്‍ത്ഥത്തില്‍ അതല്ലേ തലക്കെട്ടില്‍ വരേണ്ടത്? ‘കേന്ദ്രവിഹിതം കുത്തനെ വെട്ടിക്കുറച്ചു, കേരളത്തിന്റെ വരുമാനം കൂപ്പുകുത്തി’ എന്ന തലക്കെട്ടല്ലേ ന്യായമായും ഉണ്ടാവേണ്ടിയിരുന്നത്? വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ പറയുന്നു, കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന വിഹിതത്തില്‍ 82% കുറവുണ്ടായി എന്ന്. കേരളത്തിന്റെ റവന്യൂ വരുമാനം 12.6% കൂടിയിട്ടും കേന്ദ്രം വരുത്തിയ ഭീമമായ കുറവ് കേരളത്തിന്റെ ആകെ റവന്യൂ വരുമാനം കുറയാനിടയാക്കി. മാത്രമല്ല, കേരളത്തില്‍ പ്രതിസന്ധിയുടെ കാരണം ധൂര്‍ത്തും പാഴ്‌ചെലവുമാണെന്ന പ്രചാരണം പൊളിക്കുന്ന വസ്തുതയും വാര്‍ത്തയുടെ ഉള്ളടക്കത്തിലുണ്ട്. തനതുനികുതി വരുമാനത്തേക്കാള്‍ കുറഞ്ഞ തോതില്‍ മാത്രമേ റവന്യൂ ചെലവ് ഉയര്‍ന്നിട്ടുള്ളൂ എന്നതാണത്. ചെലവ് അധികരിച്ചതല്ല, കേന്ദ്രം ദ്രോഹിച്ചതാണ് ഈ പ്രതിസന്ധിയുടെ പ്രധാനപ്പെട്ട കാരണം. ഇത് മറ്റ് പത്രങ്ങളൊന്നും വാര്‍ത്തയാക്കിയിട്ടുമില്ല.

ഇന്ന് ഇന്ത്യയിലെ എല്ലാ പത്രങ്ങളുടെയും പ്രധാന വാര്‍ത്ത, രാജ്യത്ത് വിലക്കയറ്റം റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരമാവധി പരിധിയും കടന്ന് കുതിച്ചുയരുന്നതാണ്. മാതൃഭൂമിയുടെ രണ്ടാമത്തെ പത്രത്തിലെ ഒന്നാം പേജ് ലീഡില്‍ ‘ജൂലൈയിലെ പണപ്പെരുപ്പം 7.44%, പരിധിവിട്ടു’ എന്ന വലിയ അക്ഷരങ്ങളില്‍ നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം എന്ന് പറയുമ്പോള്‍, എല്ലാ വായനക്കാര്‍ക്കും എളുപ്പം മനസിലാകണമെന്നില്ല. വിലക്കയറ്റം എന്ന് പറയുമ്പോഴാണ് കാര്യം ശരിക്ക് പിടികിട്ടുക. ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം, ദേശീയ തലത്തിലുള്ള വിലക്കയറ്റ നിരക്കിനേക്കാള്‍ 1%ത്തിലധികം കുറവാണ് കേരളത്തിലെ വിലക്കയറ്റ നിരക്ക് എന്നതാണ്. ഉപഭോക്തൃ സംസ്ഥാനമായിട്ടും ഇപ്പോള്‍ ഉത്സവകാലമായിട്ടും ദേശീയതലത്തിലെ വിലക്കയറ്റ നിരക്കിനേക്കാള്‍ കേരളത്തില്‍ കുറഞ്ഞിരിക്കുന്നു എന്നത് നിസാരമായ കാര്യമല്ല. സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ നടത്തിയിട്ടുള്ള ശക്തമായ ഇടപെടല്‍ കൊണ്ടാണ് ഇങ്ങനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്.

ഇന്ത്യയിലെ ഇന്നത്തെ എല്ലാ പത്രങ്ങളുടെയും പ്രധാന വാര്‍ത്തയായിട്ടുള്ള വിലക്കയറ്റം, മലയാള മനോരമയ്ക്ക് ബിസിനസ് പേജിലെ മാത്രം വാര്‍ത്തയാണ്. കാരണം അത് ഒന്നാം പേജില്‍ കൊടുത്താല്‍ കേന്ദ്രസര്‍ക്കാരിന് ക്ഷീണവും കേരളത്തിന് ഗുണവുമാണ്. അവിടെ തീരുന്നില്ല മനോരമയുടെ ഇടതുവിരുദ്ധ കൗശലം. ബിസിനസ് പേജില്‍ ഒളിപ്പിച്ച വാര്‍ത്തയുടെ തന്നെ തലക്കെട്ട് ‘7.44%, പിടിവിട്ട് വീണ്ടും വിലക്കയറ്റം’ എന്നാണ്. തലക്കെട്ട് മാത്രം വായിച്ചാല്‍ കേരളത്തിലെ കാര്യമാണെന്ന് ആളുകള്‍ക്ക് തോന്നണം. ഇനി ആണ് മനോരമയുടെ തനി കുത്സിത രീതി കാണുന്നത്. വാര്‍ത്തയുടെ അവസാന പാരഗ്രാഫില്‍ ഉപശീര്‍ഷകം ‘കേരളത്തില്‍ 1.18% വര്‍ദ്ധന’ എന്നാണ്! അതില്‍ പറയുന്നു കേരളത്തിലെ വിലക്കയറ്റ തോത് 6.43%മായി ഉയര്‍ന്നു എന്ന്. യഥാര്‍ത്ഥത്തില്‍ ദേശീയ ശരാശരിയേക്കാള്‍ 1% കുറവാണ് എന്ന വസ്തുതയെ എങ്ങനെയാണ് മനോരമ വക്രീകരിച്ച് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നോക്കുക.

എത്ര സൂക്ഷ്മമായാണ് ഈ പത്രങ്ങളെല്ലാം തങ്ങളുടെ രാഷ്ട്രീയം വാര്‍ത്തയില്‍ വിന്യസിക്കുന്നത് എന്നതിന് ഒന്നാന്തരം തെളിവാണ് ഇവയെല്ലാം. അതുകൊണ്ട് പത്രവായന തലക്കെട്ടില്‍ മാത്രം ഒതുക്കരുത്. ഉള്ളടക്കത്തില്‍ എഴുതിവെച്ച വരികള്‍ മാത്രമല്ല, വരികള്‍ക്കിടയിലും വായിക്കാന്‍ ശീലിക്കണം. അങ്ങേയറ്റത്തെ വിമര്‍ശനബുദ്ധിയോടെ വായിക്കാന്‍ ശീലിക്കുകയും വാര്‍ത്തകളെ വിമര്‍ശന വിധേയമാക്കുകയും ചെയ്യുക എന്നത് ഇന്ന് ഇടതുപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ ചുമതലകളില്‍ ഒന്നാകുന്നു.

also read- കുടുംബവിരുന്നിലെത്തിയവര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു, വിഷമുള്ള മഷ്‌റൂം ഉപയോഗിച്ചത് അറിയാതെയെന്ന് യുവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News