മീഡിയാവൺ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തുന്നത്; നിങ്ങളല്ല പ്രേക്ഷകരും ജനങ്ങളുമാണ്‌ ജാഗ്രത പുലർത്തേണ്ടത്‌; മന്ത്രി എം ബി രാജേഷ്

മീഡിയാവൺ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പുതുപ്പള്ളിയിലെ പ്രചരണ കലാശക്കൊട്ടിലെ സംഭവമെന്ന് മന്ത്രി എം ബി രാജേഷ്. കൊട്ടിക്കലാശത്തിൽ ഇടതുപക്ഷ പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ നിറവ്യത്യാസം വരുത്തി കാവിയാക്കി കാണിച്ചും ആർ എസ്‌ എസ്‌ ഗണഗീതത്തിൽ ഡി വൈ എഫ്‌ ഐ പ്രവർത്തകർ പാട്ടുപാടിയെന്ന തലക്കെട്ട് കൊടുത്തുമാണ് മീഡിയ വൺ വിവാദത്തിലായത്. മീഡിയാ വണ്ണിന്റെ ഇതിന്‌ മുൻപുള്ള ചെയ്തികൾ അറിയുന്ന ആർക്കും ഇത്‌ വിശ്വാസയോഗ്യമായി തോന്നില്ല എന്നും മീഡിയാവണ്ണിന്റെ വിശദീകരണത്തിൽ മന്ത്രി പറഞ്ഞത്. മുൻപും മീഡിയവണിന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം കാര്യങ്ങൾ മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

മീഡിയാവൺ എന്ന ചാനൽ എത്ര നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ എന്നത്‌ മുൻപും പലവട്ടം പറഞ്ഞിട്ടുണ്ട്‌. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ഇന്ന് പുതുപ്പള്ളിയിലെ പ്രചാരണ കൊട്ടിക്കലാശത്തിൽ ഇടതുപക്ഷ പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ നിറവ്യത്യാസം വരുത്തി കാവിയാക്കി കാണിച്ചതും ആർ എസ്‌ എസ്‌ ഗണഗീതത്തിൽ ഡി വൈ എഫ്‌ ഐ പ്രവർത്തകർ പാട്ടുപാടിയെന്ന തലക്കെട്ട്‌ കൊടുത്തതും. സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യം തുറന്നുകാണിക്കുകയും വ്യാപകമായി വിമർശനം ഉയരുകയും ചെയ്തപ്പോൾ, മീഡിയാ വണ്ണിന്റെ ഒരു വിശദീകരണം വന്നിരിക്കുന്നു. ആദ്യ ഖണ്ഡികയിൽ പറയുന്നു, ആർ എസ്‌ എസ്‌ ഗണഗീതത്തിന്റെ താളത്തിൽ ഡി വൈ എഫ്‌ ഐ പ്രവർത്തകർ പാട്ടുപാടിയെന്നത്‌ തെറ്റായ താരതമ്യമായിരുന്നു എന്ന്. രണ്ടാം ഖണ്ഡികയിൽ പറയുന്നു തലയിലെ റിബൺ നിറം മാറിയത്‌ ക്യാമറയുടെ സാങ്കേതിക തകരാറായിരുന്നു എന്ന്. മീഡിയാ വണ്ണിന്റെ ഇതിന്‌ മുൻപുള്ള ചെയ്തികൾ അറിയുന്ന ആർക്കും ഇത്‌ വിശ്വാസയോഗ്യമായി തോന്നില്ല. ‌ക്യാമറയ്ക്ക്‌ സാങ്കേതിക തകരാർ സംഭവിക്കുന്നു, ആർ എസ്‌ എസ്‌ ഗണഗീതത്തിന്റെ താളത്തിലെന്ന് തലക്കെട്ട്‌ വരുന്നു. ഇതെല്ലാം യാദൃശ്ചികമാണ്‌ അല്ലേ?
മീഡിയാ വണ്ണിന്റെ ഇടതുപക്ഷത്തിനെതിരെയുള്ള ഹീനവും നീചവുമായ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച്‌ മുൻപും പലവട്ടം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയേണ്ടിവന്നിട്ടുണ്ട്‌‌. ഒടുവിൽ ഉണ്ടായ ഒരു സംഭവം മാത്രം ഓർമ്മിപ്പിക്കട്ടെ. കൊച്ചിയിൽ നടന്ന ഒരു വികസന സെമിനാറിൽ പ്രസംഗിക്കവെ, മാലിന്യ സംസ്കരണത്തെക്കുറിച്ച്‌ പറഞ്ഞ കൂട്ടത്തിൽ കോഴിക്കോട്‌ ദ്രവമാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരത്തെക്കുറിച്ച്‌ ഞാൻ പരാമർശിച്ചു. കക്കൂസ്‌ മാലിന്യം സംസ്കരിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ട്‌ കേരളത്തിലെ 80%ത്തിലധികം ജലസ്രോതസുകളിലും കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ കാര്യം പറയുകയും, ആ വെള്ളമാണ്‌ നാം കുടിച്ചുകൊണ്ടിരിക്കുന്നത്‌ എന്നും പറയുകയുണ്ടായി. അതിനെ‌ മീഡിയാ വൺ റിപ്പോർട്ട്‌ ചെയ്തത്‌ ‘കക്കൂസ്‌ മാലിന്യം കലർന്ന വെള്ളം കുടിച്ചാണ്‌ കോഴിക്കോട് പ്ലാന്റിനെതിരെ സമരം ചെയ്യുന്നവർ, സമരക്കാരെ അധിക്ഷേപിച്ച്‌ മന്ത്രി എം ബി രാജേഷ്’‌ എന്നായിരുന്നു. പ്രസംഗം കഴിഞ്ഞയുടൻ തന്നെ സദസിൽ നിന്ന് ഇങ്ങനെയൊരു വാർത്ത മീഡിയാ വൺ കൊടുക്കുന്നതായി ശ്രദ്ധയിൽ പെടുത്തി. നേരിട്ട്‌ പ്രസംഗം കേട്ട സദസ്യർക്ക്‌‌ അത്‌ തെറ്റാണെന്ന് ബോധ്യമുള്ളതാണല്ലോ. മാത്രമല്ല, മറ്റൊരു ചാനലും മീഡിയാ വൺ ചെയ്തതുപോലെയല്ല, ഞാൻ പറഞ്ഞത്‌ ശരിയായാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. സെമിനാർ വേദിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ചാനൽ പട മറ്റൊരു വിഷയത്തിൽ പ്രതികരണത്തിന്‌ കാത്തുനിന്നിരുന്നു. കൂട്ടത്തിൽ മീഡിയാ വണ്ണുമുണ്ടായിരുന്നു. ഇക്കാര്യം കയ്യോടെ അവിടെ തന്നെ പൊളിച്ചുകൊടുത്തപ്പോഴാണ്‌ മീഡിയാവൺ വാർത്ത മുക്കിയത്‌. ഇത്‌ ഒരു ഉദാഹരണം മാത്രം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്‌ കാലത്തും നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്തും വ്യക്തിപരമായി എനിക്കുള്ള അനുഭവങ്ങൾ വേറെ നിരവധിയുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌‌ മീഡിയാ വണ്ണിന്റെ സ്ഥിരം അഭ്യാസമാണ്‌ ഒരു വ്യാജവാർത്ത വലിയ തലക്കെട്ടായി നൽകുക എന്നത്‌. അതൊരു പക്ഷേ ചാനലിലാകാം അല്ലെങ്കിൽ ഓൺലൈനിലാകാം. അൽപ്പസമയം കഴിഞ്ഞാൽ അവർ തന്നെ അത്‌‌ മുക്കും. പക്ഷെ അതിനകം യു ഡി എഫുകാർ അതിന്റെ സ്ക്രീൻഷോട്ട്‌ സാമൂഹിക മാധ്യമങ്ങളിലൂടെ നാടെമ്പാടും പ്രചരിപ്പിച്ചിരിക്കും. യുഡിഎഫിന്‌ പ്രചരിപ്പിക്കാനുള്ള സൗകര്യത്തിന്‌ ബോധപൂർവ്വമാണ്‌ വ്യാജവാർത്ത സ്തോഭജനകമായ തലക്കെട്ടുമായി കൊടുക്കുന്നതും, പിന്നീട്‌ മുക്കുന്നതും. യുഡിഎഫിന് പ്രചരിപ്പിക്കാൻ സൗകര്യമൊരുക്കിക്കൊടുത്ത ശേഷം‌ ‘വാർത്ത തെറ്റാണെന്ന് കണ്ടപ്പോൾ തന്ന് ഞങ്ങൾ പിൻവലിച്ചല്ലോ’ എന്ന് ‌ഒന്നുമറിയാത്തതുപോലെ നിഷ്കളങ്കത അഭിനയിക്കുകയും ചെയ്യും. ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
ഇന്നത്തെ മീഡിയാ വണ്ണിന്റെ വിശദീകണത്തിലെ അവസാന വാചകം ഇങ്ങനെയാണ്‌. ‘ജാഗ്രതയുണ്ടായിരിക്കണം എന്ന സന്ദേശം ഞങ്ങളുൾക്കൊള്ളുന്നു’‌. നിങ്ങളല്ല പ്രേക്ഷകരും ജനങ്ങളുമാണ്‌ ജാഗ്രത പുലർത്തേണ്ടത്‌. നിങ്ങൾക്കെതിരായ അതീവ ജാഗ്രത. കാരണം മീഡിയാവൺ എന്തും ചെയ്യും എന്തും പറയും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News