
കേന്ദ്രബജറ്റ് കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ കാറ്റിൽപ്പറത്തി, തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്ക് മാത്രം രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി സഹായങ്ങൾ പ്രഖ്യാപിക്കുന്നതാണ് ഈ ബജറ്റ്. വയനാടിനോ വിഴിഞ്ഞം പദ്ധതിക്കോ ഒരു സഹായവും ബജറ്റിലില്ല. കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് നിരാകരിക്കപ്പെട്ടു. കേരളത്തിനായി എയിംസോ കോച്ച് ഫാക്ടറിയോ പ്രത്യേക റെയിൽവേ ലൈനോ ഒന്നും ബജറ്റിൽ ഇല്ല. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് പിന്നാലെയാണ് ബജറ്റിലെ ഈ അവഗണനയെന്നും മന്ത്രി പറഞ്ഞു.
Also read: ‘ഭിന്നിപ്പിച്ചു ഭരിക്കുന്ന ബജറ്റ്’: വി ശിവദാസൻ എം പി
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സുസ്ഥിരവികസനത്തെയും, ഹരിത കർമ്മ സേനയെയും മാലിന്യ നിര്‍മാര്‍ജനത്തെയും, സ്വയം സഹായക സംഘങ്ങളെയുമെല്ലാം മാതൃകകളായി ഇന്നലെ എക്കണോമിക് സർവേയിൽ പരാമർശിച്ചിരുന്നു. കേരളത്തിന്റെ ഈ മാതൃകകൾക്ക് തുരങ്കം വെക്കുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നതാണ് ഈ ബജറ്റും. 86000 കോടിയായി വിഹിതം തുടരുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് അർഹമായ പരിഗണനയില്ല. വിഹിതം വർധിപ്പിക്കണമെന്ന് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വലിയ ആവശ്യമുയർന്നിട്ടും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

