
മികച്ച അഭിപ്രായത്തോടെ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ നരിവേട്ടയിൽ അഭിനയിച്ച് തൃത്താലക്കാരായ മിടുക്കി കുട്ടികളെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. റീൽസുകളിലൂടെ മനസ് കീഴടക്കിയ മിടുക്കി കുട്ടികളായ മിയയേയും മിഖയേയും തൃത്താല പട്ടിത്തറയിലെ വീട്ടിൽ മന്ത്രി നേരിട്ടെത്തി കണ്ടു. അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഇക്കാര്യം മന്ത്രി ഫേയ്സ്ബുക്കിലൂടെയും പങ്കുവെച്ചു,
ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം
ഈ രണ്ട് മിടുക്കി കുട്ടികളെ അറിയാമോ? ഇവരാണ് നരിവേട്ട സിനിമയിൽ അഭിനയിച്ച തൃത്താലക്കാരായ സൂപ്പർ താരങ്ങൾ മിയയും മിഖയും. ഇന്ന് തൃത്താല പട്ടിത്തറയിലെ വീട്ടിൽ ഇവരെ കാണാൻ പോയിരുന്നു. റീൽസുകളിലൂടെ ഇതിനകം പലരുടെയും മനസ് കീഴടക്കിയ രണ്ട് മിടുമിടുക്കികൾ.
Also Read: കേരളത്തിലെ ട്രഷറികൾ ആധുനികവത്കരിച്ച് കൂടുതൽ ജനകീയമാവുകയാണ്: മന്ത്രി കെ എൻ ബാലഗോപാൽ
നരിവേട്ടയുടെ സംവിധായകൻ എന്റെ സുഹൃത്തായ അനുരാജ് മനോഹർ വിളിച്ചിരുന്നെങ്കിലും ഇതുവരെ സിനിമ കാണാൻ കഴിഞ്ഞിട്ടില്ല. പക്ഷെ, സമയമുണ്ടാക്കി സിനിമ കാണും. സിനിമ കാണുന്നതിന് മുൻപ് തന്നെ ഈ കൊച്ചു മിടുക്കികളെ നേരിൽ കണ്ട് അഭിനന്ദിക്കാൻ പോയതാണ്. വരുന്ന എട്ടാം തീയതി സിപിഐ എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവർക്ക് അനുമോദനവും ഒരുക്കിയിട്ടുണ്ട്.
മിഖയുടെ വിളിപ്പേര് തംബുരു എന്നാണ്. തംബുരു എന്ന പേരിട്ടത് അമ്മമ്മയാണെന്ന് മിഖ സന്തോഷത്തോടെ പറഞ്ഞു. രണ്ട് മിടുക്കികളെ കാണാൻ ചെന്നപ്പോൾ ചുറ്റുമുള്ളവരെല്ലാം കൂടി ആ കൊച്ചു വീടിന്റെ മുറ്റത്ത് എത്തിയിരുന്നു. എല്ലാവർക്കും അവരെക്കുറിച്ചോർത്ത് നിറഞ്ഞ സന്തോഷം; അഭിമാനം! ആ സന്തോഷത്തിൽ ഞാനും അവർക്കൊപ്പം പങ്കു ചേർന്നു. മിയക്കും മിഖക്കും ഇനിയും ഒട്ടേറെ അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

