
സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എവി റസലിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മന്ത്രി എംബി രാജേഷ്. താൻ എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോൾ തന്നെ, അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന റസലുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും എംബി രാജേഷ് സ്മരിച്ചു. ഇപ്പോൾ സിപിഐഎം സംസ്ഥാനകമ്മിറ്റിയിലും അദ്ദേഹത്തിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഏറ്റവും പ്രിയപ്പെട്ട ഒരു സഖാവിനെയാണ് അകാലത്തിൽ അപ്രതീക്ഷിതമായി നഷ്ടമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിപിഐഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ് റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും വ്യക്തിപരമായി വലിയ അടുപ്പമാണ് റസലുമായി ഉണ്ടായിരുന്നതെന്നും കെ രാധാകൃഷ്ണൻ എംപിയും അനുസ്മരിച്ചു. നിലവിൽ മന്ത്രി വിഎൻ വാസവൻ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. മന്ത്രി ഏഴുമണിക്ക് ആശുപത്രിയിൽ എത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കി, രാവിലെ 9 മണിക്ക് മൃതദേഹം കൊച്ചിയിൽ എത്തിക്കും. അവിടെ നിന്ന് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുവരും. ആദ്യം കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനവും ഉണ്ടാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here