
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പട്ടികജാതി – പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു. ”നവോത്ഥാന മുന്നേറ്റത്തിൽ കല്ലുമാല സമരത്തിൻ്റെയും പെരിനാട് ലഹളയുടെയും പങ്ക്” എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്മി – നാടുവാഴി കാലത്തെ പല അലിഖിത നിയമങ്ങളും അടിച്ചേൽപ്പിക്കാനുള്ള നീക്കം പല ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ജനങ്ങളെ വർഗീയമായി വിവിധ ചേരികളാക്കാനുള്ള ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കണമെന്നും മന്ത്രി ഒ.ആർ.കേളു ആവശ്യപ്പെട്ടു.
അയിത്തവും അനാചാരവും ആഭിചാരവും പ്രചരിപ്പിച്ച സനാതന ധർമ്മത്തെ കടപുഴക്കി എറിഞ്ഞ മണ്ണാണ് കേരളമെന്ന് ചർച്ച നയിച്ച കെ എസ് കെ ടി യു സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. രതീന്ദ്രൻ അഭിപ്രായപ്പെട്ടു. ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള ജീവിതക്രമം തിരിച്ചു കൊണ്ടു വരാനുള്ള ഗൂഢശ്രമം പല ഭാഗത്തു നിന്നും നടക്കുന്നുണ്ട്. പെരിനാട് വിപ്ലവം പോലെ ജനാഭിലാഷത്തിൻ്റെ തീവ്രതയേറിയ പോരാട്ടങ്ങൾ ഏറെ കണ്ട ഈ മണ്ണ് അത്തരം നീക്കങ്ങളെയും ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു കേരളത്തിലെ പ്രത്യേകിച്ച് തെക്കൻ തിരുവിതാംകൂറിലെ പ്രവർത്തനങ്ങളെന്ന് എഴുത്തുകാരൻ ബാബു കെ പന്മന. ഉത്തരേന്ത്യയിൽ സവർണ വിഭാഗത്തിലുള്ളവരായിരുന്നു പോരാട്ടം നയിച്ചതെങ്കിൽ ഇവിടെ കീഴാള വർഗത്തിൽ നിന്ന് ഉയർന്നു വന്നവരായിരുന്നു സമര നായകരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തെ അവഗണിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് മോഡറേറ്ററായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ് അഭിപ്രായപ്പെട്ടു. ഊരൂട്ടമ്പലം സ്കൂൾ പഞ്ചമി സ്മാരകമാക്കിയതും വിജെടി ഹാൾ അയങ്കാളി ഹാൾ ആയതും അത്തരം ചരിത്രങ്ങളെ തമസ്ക്കരിക്കാതിരിക്കലിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പെരിനാട് വിപ്ലവത്തിൽ പങ്കെടുത്ത കേളുവിൻ്റെ മകൾ യശോദാമ്മയും ചരിത്ര സെമിനാറിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ടി. ലക്ഷ്മണൻ എഴുതിയ ” പെരിനാട് വിപ്ലവവും സാമൂഹ്യമാറ്റവും” എന്ന ചരിത്രപുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനവും മന്ത്രി ഒ.ആർ കേളു എൻ. രതീന്ദ്രന് നൽകി നിർവഹിച്ചു.
എൽ. അനിൽ, പി.എ.എബ്രഹാം, ആർ.സുരേഷ് ബാബു, സി.സന്തോഷ്, എം.ഇ. ആൽഫ്രഡ്, ദിവ്യ ജയകുമാർ, പി.ജഗന്നാഥൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

