ജനറൽ ആശുപത്രി ജംഗ്ഷൻ റോഡു നിർമാണം വിലയിരുത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വഞ്ചിയൂർ- ജനറൽ ആശുപത്രി റോഡിന്റെ നിർമാണം ഏപ്രിൽ ആദ്യം തന്നെ പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാത്രിയിലും പണികൾ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനറൽ ആശുപത്രി ജംഗ്ഷൻ റോഡു നിർമാണം വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിനടിയിൽ ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ഹൈടെൻഷൻ വൈദ്യുത ലൈനുകൾക്കും കുടിവെള്ള പൈപ്പുകൾക്കും ഉണ്ടാകുന്ന തകരാറുകൾ പണിയുടെ പുരോഗതിയെ ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ റോഡ് പണിയാൻ ഗതാഗതം പൂർണമായും നിറുത്തിവയ്‌ക്കേണ്ടിവന്നത് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. സ്‌കൂളും ആശുപത്രികളും കോടതിയും മറ്റും പ്രവർത്തിക്കുന്നിടങ്ങളിലേക്കുള്ള റോഡായതിനാൽ ബുദ്ധിമുട്ട് ലഘൂകരിക്കാൻ കഴിയുന്നത്ര സമാന്തരമാർഗങ്ങൾ അവലംബിച്ചിട്ടുണ്ട്. ജനങ്ങളും സ്‌കൂൾ അധികൃതരും മറ്റും വലിയ സഹകരണം ഇക്കാര്യത്തിൽ നൽകുന്നുണ്ട്. യൂട്ടിലിറ്റി ഡക്ടുകൾ, ഇരുവശത്തും ഓടകൾ, കൈവരിയോടുകൂടിയ നടപ്പാത തുടങ്ങിയ സൗകര്യങ്ങളോടെ ബിഎം ബിസിയിൽ റോഡ് നിർമിക്കുമ്പോൾ ചെലവ് കൂടുതലാണെങ്കിലും ആറേഴു വർഷത്തേക്ക് റോഡിന് പ്രശ്‌നമൊന്നും വരില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: മൂന്നാർ ടൗണിൽ ഒറ്റക്കൊമ്പനെന്ന് പേരുള്ള കാട്ടാനയിറങ്ങി; കാർ തകർത്തു

സ്മാർട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളുടെ കരാർ ഏറ്റെടുത്തവരുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ പെരുമാറ്റമാണ് ആദ്യമുണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ റോഡുകളും ഒരു കമ്പനിതന്നെ കരാറെടുത്തിരുന്നതിനാൽ പണി പൂർണമായും മുടങ്ങി. പലതവണ ചർച്ച നടത്തിയിട്ടും പ്രയോജനമുണ്ടാകാതെ വന്നപ്പോഴാണ് അവരെ നീക്കി കരാർ പലതായി വിഭജിച്ച് നൽകിയത്. നവംബറിലാണ് പുതിയ കരാറുകാരെ പണി ഏൽപിച്ചത്. എന്നാൽ ഡിസംബറിൽ പണി തുടങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും കൃത്യമായി വിലയിരുത്തൽ നടത്തുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 27 റോഡുകളുടെ പണി ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 20നകംതന്നെ അവ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കാട്ടാനയുടെ സാന്നിധ്യം; തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

ആൻ്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗായത്രി ബാബു, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ചീഫ് എൻജിനീയർ അശോക് കുമാർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News