ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനം; 2023-24 വർഷത്തെ ‘പോഷക സമൃദ്ധം പ്രഭാതം’ പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്

കളമശ്ശേരി മണ്ഡലത്തിലെ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലുള്ള എൽ പി,യു പി വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന 2023-24 വർഷത്തെ ‘പോഷക സമൃദ്ധം പ്രഭാതം’ പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി പി രാജീവ്. 2022-23ൽ നടപ്പിലാക്കിയ പദ്ധതി മികച്ച പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു. 9 ലക്ഷത്തിലധികം യൂണിറ്റ് പ്രഭാത ഭക്ഷണം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വിതരണം ചെയ്തു കഴിഞ്ഞു എന്നും നിലവിൽ പദ്ധതിയിലൂടെ മണ്ഡലത്തിലെ 7525 വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്. കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്ന വിഡിയോയും മന്ത്രി പങ്കുവെച്ചിരുന്നു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കളമശ്ശേരി മണ്ഡലത്തിലെ സർക്കാർ/എയിഡഡ് വിദ്യാലയങ്ങളിലുള്ള എൽ.പി/യു.പി വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കുന്ന ‘പോഷക സമൃദ്ധം പ്രഭാതം’ പദ്ധതിയുടെ 2023-24 വർഷത്തെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. 2022-23ൽ നടപ്പിലാക്കിയ പദ്ധതി മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നേടിയിരിക്കുന്നത്. 9 ലക്ഷത്തിലധികം യൂണിറ്റ് പ്രഭാതഭക്ഷണം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വിതരണം ചെയ്തുകഴിഞ്ഞു. ബിപിസിഎല്ലിൻ്റെ സഹകരണത്തോടെ ഈ വർഷവും തുടരുന്ന പദ്ധതിയിലൂടെ ഓരോ ദിവസവും ഗുണമേന്മയുള്ള വ്യത്യസ്തമായ വിഭവങ്ങൾ ലഭ്യമാക്കും. തുടർവർഷങ്ങളിലും മണ്ഡലത്തിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതി വിപുലപ്പെടുത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
സ്കൂൾ വിദ്യാർഥികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി ഏർപ്പെടുത്തിയ ആദ്യത്തെ നിയമസഭാ മണ്ഡലമാണ് കളമശ്ശേരി. നിലവിൽ പദ്ധതിയിലൂടെ മണ്ഡലത്തിലെ 7525 വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകിവരുന്നുണ്ട്. വീട്ടിൽനിന്ന് പല കാരണങ്ങളാൽ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് പദ്ധതി ഏറെ പ്രയോജനപ്രദമാണ്. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം പ്രധാന പങ്കുവഹിക്കുന്നതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാർവത്രിക പ്രഭാതഭക്ഷണ പരിപാടി നടപ്പിലാക്കിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News