
സി എം ആര്‍ എല്‍ എക്സാലോജിക് കരാറില്‍ വിഷയത്തില്‍ ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ്. ഒരിക്കല്‍ കൂടി ഇവരുടെ നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടപ്പെട്ടു.
ഹര്‍ജി തള്ളിയില്ലെങ്കിലെ അത്ഭുതമുള്ളൂ. പുകമറ സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിരന്തരം ശ്രമിക്കുന്നു. ഇതിന് പിന്നില്‍ യുഡിഎഫും ബിജെപിയും നടത്തിയ ഗൂഢാലോചനയാണ്. ഹൈക്കോടതിക്ക് മുകളിലുള്ള കോടതിയായി പ്രതിപക്ഷനേതാവിനെ അംഗീകരിച്ചിട്ടില്ലല്ലോ എന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചിരുന്നു. ഇതുപോലുള്ള നുണപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. ഒന്ന് തീരുമ്പോള്‍ അടുത്ത പ്രചാരണവുമായി വരും. എല്ലാം മാധ്യമങ്ങളില്‍ നിലനിര്‍ത്താന്‍ മാത്രമാണ്. കോടതിയില്‍ ഒന്നും നിലനില്‍ക്കില്ല എന്നും മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎമ്മിന് ആശ്വാസം എന്നാണ് മാധ്യമങ്ങളില്‍ എഴുതിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
സിഎംആര്‍എല്‍-എക്സാലോജിക് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും ഗിരീഷ് ബാബു എന്നയാളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. നേരത്തെ വിജിലന്‍സ് കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here