
വഖഫ് ഭേദഗതി ബില്ലിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മന്ത്രി പി രാജീവ്. മുനമ്പം പരിഹരിക്കാൻ വേണ്ടി ബിൽ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകൾ നടക്കുന്നത്. ആദ്യമായിട്ടാണ് മുസ്ലിം വിഭാഗത്തിൽ ഇല്ലാത്തയാൾ വഖഫിൻ്റെ ഭാഗമാകുന്നത് എന്നും മന്ത്രി പറഞ്ഞു. ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ കൂടി പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേ എന്നും അദ്ദേഹം പ്രതികരിച്ചു.
Also read: മധുരച്ചെങ്കൊടി: സുദീപ്തോ ഗുപ്തയുടെ സ്മരണകളിൽ എസ്എഫ്ഐ നേതാക്കൾ
അതേസമയം, വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റി ജിജു ലോക്സഭയിൽ വച്ച ബില്ലിന്മേൽ 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിർദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളി. മുസ്ലിം വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയാണ് ബിൽ കൊണ്ടുവന്നതെന്ന അവകാശവാദം ആണ് ഭരണപക്ഷം ഉന്നയിച്ചത്.
ബില്ലിനെ ശക്തമായി എതിർത്ത പ്രതിപക്ഷം ബിൽ ഭരണ ഘടനാ വിരുദ്ധമാണെന്ന് വിമർശിച്ചു. ചർച്ചകൾക്കിടെ ഭരണ- പ്രതിപക്ഷ വാക്പോര് പലതവണയുണ്ടായി. അസദുദീൻ ഉവൈസി ബില്ലിൻ്റെ പകർപ്പ് കീറുന്നതടക്കം പ്രതിഷേധങ്ങളും ചർച്ചയ്ക്കിടെയുണ്ടായി. പ്രതിപക്ഷം കൊണ്ടുവന്ന ഓരോ ഭേദഗതിയും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട ശേഷമാണ് തള്ളിയത്. പുലർച്ചെ 2 മണി വരെ നടപടിക്രമങ്ങൾ നീണ്ടു. ലോക്സഭ പാസാക്കിയതോടെ വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വയ്ക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here