‘പൊതുമേഖല സ്ഥാപനങ്ങള്‍ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക്’: മന്ത്രി പി രാജീവ്

പൂര്‍ണമായും വില്‍ക്കാന്‍ വെച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കെഎസ്ഡിപി ഇന്ന് ലാഭത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഡിപി 50-ാം വാര്‍ഷികാഘോഷവും മെഡിമാര്‍ട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിന്റെ കീഴില്‍ 54 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതില്‍ 24 എണ്ണം ലാഭകരമായി പ്രവര്‍ത്തിക്കുന്നത് അഭിമാനകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവ് ഈ വര്‍ഷം അയ്യായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് കോടി പതിനെട്ട് ലക്ഷമാണെന്നും മന്ത്രി പറഞ്ഞു.

ലാഭം 100 കോടിയിലധികമാക്കി ഉയര്‍ത്താന്‍ കെഎസ്ഡിപിക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്താണ് ഏറ്റവും കൂടുതല്‍ വിറ്റ് വരവ് ഉണ്ടായത്. അന്നത്തെ വിറ്റു വരവിന്റെ പ്രധാന ഭാഗം വന്നത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിലൂടെയാണ്. ഇപ്പോഴത്തെ വിറ്റു വരവ് പ്രധാനമായും മരുന്നു നിര്‍മാണത്തിലൂടെ തന്നെയാണ്.
ഓങ്കോളജി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍ കെഎസ്ഡിപി ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ പൊതുമേഖല സ്ഥാപനമായി മാറും.

പൊതുമേഖല മത്സര ക്ഷമമാക്കി ലാഭകരമാക്കുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡും ലാഭം വര്‍ധിപ്പിച്ചിട്ടുണ്ട്.1156 കോടി രൂപ വിറ്റ്വരവുള്ള സ്ഥാപനമായി കേരളത്തില്‍ കെല്‍ട്രോണ്‍ മാറിയെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

കലവൂര്‍ കെഎസ്ഡിപിയില്‍ കൂടിയ യോഗത്തിന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയായി.

കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ ബ്രാന്‍ഡ് ചെയ്ത് പൊതുവിപണിയില്‍ വില്പനയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച ബ്രാന്‍ഡ് നെയിമുകളായ കേരാംസോള്‍ പ്ലസ് കഫ് സിറപ്പ്,കേരപിപറ്റ്‌സ് ഇഞ്ചക്ഷന്‍, കെരാമിസിന്‍ ടാബ്ലെറ്റ് എന്നിവയുടെ വില്പന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രി പി രാജീവ് കെഎസ്ഡിപി എംഡി ഇ എ സുബ്രഹ്‌മണ്യന് കൈമാറി.

ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബു, വ്യവസായ വകുപ്പ് ഒ.എസ്.ഡി ആനി ജൂല തോമസ് ,ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍ റിയാസ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, കെ എസ് ഡി പി മാനേജിംഗ് ഡയറക്ടര്‍ ഇ എ സുബ്രമണ്യന്‍, ബി.പി.ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ അജിത് കുമാര്‍, മുന്‍ എം.പി.ടി.ജെ ആഞ്ചലോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി പി.കെ.ബിനോയ്, യൂണിയന്‍ പ്രതിനിധികളായ കെ.ആര്‍. ഭഗീരഥന്‍, പി.ജി രാധാകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെഎസ്ഡിപി സുവര്‍ണ ജൂബിലി ആഘോഷിത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനാണ് മെഡിമാര്‍ട്ട് ആരംഭിച്ചത്. ഇവിടെ മരുന്നുകള്‍ 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി സംവിധാനവുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News