
ഇന്നസെന്റിന്റെ ഓർമകളിൽ മന്ത്രി പി രാജീവ്. ഇന്നസെന്റ് മരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്ന വേളയിലാണ് മന്ത്രി നടനുമായുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്. ഹാസ്യത്തിനൊപ്പം നൊമ്പരവും മികവോടെ കൈകാര്യം ചെയ്ത നടൻ. ഇന്നും ഇന്നസെന്റ് ചെയ്തിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ എന്ന് ചില വേഷങ്ങൾ കാണുമ്പോൾ നമുക്ക് തോന്നുന്ന വിധത്തിൽ ഓരോ മലയാളി സിനിമാ ആരാധകനുമായി ചേർന്നുനിൽക്കുകയാണ് അദ്ദേഹം എന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പ്രിയപ്പെട്ട ഇന്നസെൻ്റിൻ്റെ രണ്ടാം ചരമ വാർഷികമാണിന്ന്. മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിലൊരാളായിരുന്നു അദ്ദേഹം. ഹാസ്യത്തിനൊപ്പം നൊമ്പരവും മികവോടെ കൈകാര്യം ചെയ്ത നടൻ. ഇന്നും ഇന്നസെന്റ് ചെയ്തിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ എന്ന് ചില വേഷങ്ങൾ കാണുമ്പോൾ നമുക്ക് തോന്നുന്ന വിധത്തിൽ ഓരോ മലയാളി സിനിമാ ആരാധകനുമായി ചേർന്നുനിൽക്കുകയാണ് അദ്ദേഹം. ഇടക്കാലത്ത് പാർലമെന്റ് അംഗമായി ഇന്നസെന്റ് ഡെൽഹിയിലെത്തുന്ന വേളയിൽ ഞാനും അവിടെയുണ്ടായിരുന്നു. സഭാനടപടികളെക്കുറിച്ച് ചോദിച്ചറിയാനും ഡൽഹിയിലെ ഇടപെടലുകൾ സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ നടത്താനും ഏറെ താൽപര്യത്തോടെ അദ്ദേഹം ശ്രമിച്ചു. മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോഴും ജനപ്രതിനിധി എന്ന നിലയിൽ മികച്ച പ്രവർത്തനം അദ്ദേഹം കാഴ്ചവെച്ചു. ആരോഗ്യം, ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കി. ആ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

