ട്രാൻസ്‌ജെൻഡേഴ്സിനെതിരായി കേന്ദ്രത്തിന്റെ മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ. ആർ ബിന്ദു

transgender protection dr. r bindu

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മൗലികാവകാശങ്ങളെയും നിലവിലുള്ള അവരുടെ അവകാശസംരക്ഷണ നിയമങ്ങളെയും വേരോടെ തകർക്കാൻ ഉദ്ദേശിച്ച് ലോക്സഭയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ട്രാൻസ്‌ജെൻഡർ നിയമ (2019) ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു.

സാമൂഹ്യനീതിയ്ക്കു വേണ്ടി ട്രാൻസ്ജെൻഡർ സമൂഹം പൊരുതി നേടിയ വിജയങ്ങളെയാകെ അട്ടിമറിക്കുന്ന മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതിയാണ് കേന്ദ്രസർക്കാർ മുന്നോട്ടു വെക്കുന്നത്. അന്താരാഷ്ട്ര തത്ത്വങ്ങളെ കാറ്റിൽ പറത്തുന്ന രീതിയിലുള്ളതാണ് കേന്ദ്രത്തിന്റെ ഈ നടപടി. ക്വിയർ സമൂഹ വ്യക്തികളുടെ സ്വയംപ്രഖ്യാപിത ലിംഗതന്മക്കുള്ള അവകാശത്തെ അംഗീകരിച്ചു കൊണ്ടുള്ളതടക്കമുള്ള സുപ്രീംകോടതിയുടെ വിധിന്യായങ്ങളെ ലംഘിക്കുകയാണ് ഇതുവഴി കേന്ദ്ര സർക്കാർ. സ്വയം നിർണ്ണയാവകാശം എടുത്തുമാറ്റിയതടക്കമുള്ള ഭേദഗതികൾ അന്തസ്സോടെ ജീവിക്കുവാനുള്ള മൗലികാവകാശമായി സുപ്രീം കോടതി അംഗീകരിച്ച അവകാശത്തെയാണ് കീറിയെറിയുന്നത്. സർക്കാർ പരിശോധനാ സംവിധാനങ്ങളുടെ നിർബന്ധിത പരിശോധനയ്ക്ക് ഇതിനായി ട്രാൻസ്‌ജെൻഡർ വ്യക്തികളെ തള്ളിവിടുകയെന്ന ഭേദഗതി ബില്ലിലെ നിലപാട് അവരുടെ സ്വകാര്യതയിൽ കടന്നുകയറുകയെന്ന ഭരണഘടനാ വിരുദ്ധതയാണ്. പലനിലയിൽ പാർശ്വവത്കൃതരായി കഴിയേണ്ടിവരുന്ന ഈ വ്യക്തികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം നിരാകരിച്ച് അവരെ ഭരണകൂടത്തിൻ്റെ ദയാദാക്ഷിണ്യത്തിലാക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേർന്നതല്ല. ട്രാൻസ്‌ജെൻഡർ വ്യക്തികളെ നിർവചിക്കുനതിൽ വരുത്തുന്ന ഭേദഗതി ട്രാന്‍സ് പുരുഷന്‍, ട്രാന്‍സ് സ്ത്രീ, ജെൻഡർ-ക്വിയർ, നോൺ-ബൈനറി വ്യക്തികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ നിയമസംരക്ഷണ പരിധിയിൽ നിന്നും പുറന്തള്ളാനാണെന്നും മന്ത്രി പറഞ്ഞു.

Also read : ജി സുധാകരന്റെ നടപടിയിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

കൊളോണിയൽ കാലത്തെ കുറ്റവാളിഗോത്രങ്ങളായി ചില തദ്ദേശീയ സമൂഹങ്ങളെ ചാപ്പയടിച്ച് ജയിലിൽ തള്ളുന്ന തരം പ്രാകൃതത്വം ഭേദഗതി ബില്ലിലാകെ കാണുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രമാണങ്ങളോടുള്ള തികഞ്ഞ അവമതിപ്പ് നിറഞ്ഞ കേന്ദ്രസർക്കാരിൻ്റെ ഈ സമീപനം, കീഴാള ജനസമൂഹങ്ങളെയാകെ ഭീതിയിലേക്ക് തള്ളിവിടുന്നതാണ്. രാജ്യത്തെയാകെ ഭയം ഭരിക്കുന്ന തരത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടമായി കേന്ദ്രസർക്കാർ മാറിയതിൻ്റെ ഒന്നാന്തരം ലക്ഷണമാണിതെന്നും മന്ത്രി വിമർശിച്ചു.

ട്രാൻസ്ജെൻഡർ സമൂഹത്തെ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾക്കു പുറത്തടയ്ക്കാനുള്ള ഈ നീക്കത്തെ ജനാധിപത്യസമൂഹം ഒരു കാരണവശാലും അംഗീകരിച്ചു കൂടാ. സഹസ്രാബ്ദങ്ങൾ നീണ്ട കീഴ്‌നിലയിൽ നിന്നും നീതിയുടെ വെളിച്ചത്തിലേക്ക് വന്നെത്തിയ ജനതയെ ഇനിയും ഇരുളിൽ തള്ളാനുള്ള ഗൂഢപദ്ധതിയാണിത്. ലോക്‌സഭയിൽ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയരണം. ഭേദഗതി ബിൽ റദ്ദാക്കണമെന്ന ട്രാൻസ്ജെൻഡർ സമൂഹത്തിൻ്റെ ഏറ്റവും ന്യായമായ ആവശ്യത്തിനു വേണ്ടി പാർലമെണ്ടിന് അകത്തും പുറത്തും പ്രക്ഷോഭമുയരണം. സാമൂഹ്യനീതിയ്ക്കു വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളോടും മുഖം തിരിയ്ക്കുന്ന വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തനിനിറം വലിച്ചു കീറിക്കാണിക്കാൻ ജനാധിപത്യസമൂഹം ഒന്നിച്ചുണരണമെന്നും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News