പ്രവീൺനാഥിൻ്റെ മരണം; സൈബർ ആക്രമണത്തിനെതിരെയും മാധ്യമ സമീപനങ്ങൾക്കെതിരെയും രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു

ആത്മഹത്യ ചെയ്ത ട്രാൻസ്മെൻ പ്രവീൺ നാഥിൻ്റെ അന്ത്യചടങ്ങുകൾക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. പ്രവീൺനാഥിൻ്റെ മരണത്തിന് കാരണമായ സംഭവ വികാസങ്ങളെ മന്ത്രി അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട പ്രവീൺനാഥിന്റെ അന്ത്യചടങ്ങുകൾക്കു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ മുൻകയ്യിൽ ചെയ്തിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ ഒരു മണി വരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിന് അവസരമുണ്ടാക്കിയിട്ടുണ്ട്. ഉച്ചക്ക് മൂന്നു മണിക്ക് പാലക്കാട് നെന്മാറയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.

സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങളും മാനഹത്യാ വാർത്തകളുമാണ് ട്രാൻസ്മാൻ പ്രവീൺനാഥിന്റെ ജീവനൊടുക്കലിൽ എത്തിയതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. അതേപ്പറ്റി ചിലത് ഈയവസരത്തിൽ പറയാതെ വയ്യ.

ജീവിതപങ്കാളിയുമായുള്ള പിണക്കത്തിന്റെ ഒരു വൈകാരികവേളയിൽ സാമൂഹ്യമാധ്യമങ്ങളിലിട്ട് വളരെപ്പെട്ടെന്നു തന്നെ പ്രവീൺ പിൻവലിച്ച ഒരു പോസ്റ്റ് അനുചിതമായ ചർച്ചയായി പിന്നീട് മാറിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ട്രാൻസ് സമൂഹത്തെയാകെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലയാണ് പിന്നെയാ ചർച്ച ഉണ്ടാക്കിയത്. ട്രാൻസ് വിഭാഗങ്ങളോട് നമ്മുടെ സമൂഹം പുലർത്തി വരുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്.

ഏറ്റവും പ്രാന്തവത്കൃതരും പൊതു പിന്തുണ അർഹിക്കുന്നവരുമായ ഒരു സമൂഹത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ടും എടുത്തു പറയേണ്ട ഇച്ഛാശക്തി കൊണ്ടും പൊതുസമൂഹത്തിൽ സ്വന്തം ഇടം നേടിയെടുത്ത ഒരു പ്രതിഭയെയാണ് ഔചിത്യമോ നൈതികതയോ തീണ്ടാത്ത സൈബർ ബുള്ളിയിംഗ് ജീവിതത്തിൽ നിന്ന് നുള്ളിയിട്ടിരിക്കുന്നത്.

ഒരു തെരുവിലോ പൊതുസ്ഥലത്തോ സമയവും സ്ഥലവും ഒന്നും നോട്ടമില്ലാതെ അപഹസിക്കപ്പെടുകയും കയ്യേറ്റം വരെ നേരിടുകയും ചെയ്യുന്നവരാണ് ട്രാൻസ് സമൂഹം. അവർക്കു താങ്ങാവാൻ നിരവധി പദ്ധതികൾ നടപ്പാക്കി വരുമ്പോഴും അവ ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന നിലക്കാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുപോകുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ അവർക്കുണ്ടാക്കാനും ഹെൽപ്പ് ലൈൻ പോലുള്ള പിന്തുണാ സംവിധാനങ്ങൾ കൊണ്ടുവരാനും വകുപ്പ് പരമാവധി ശ്രമങ്ങൾ നടത്തുന്നത് ഈ കാഴ്ചപ്പാടിലാണ്.

നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ഇത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ ശില്പശാലയിൽ മുൻ നിരയിൽത്തന്നെയിരുന്ന്, പ്രതീക്ഷയോടെയും ആവേശത്തോടെയും പങ്കാളിയായിരുന്ന പ്രവീൺനാഥ് ഇപ്പോഴും കൺമുന്നിലുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടർന്നുള്ള പ്രയാസങ്ങളെ മറികടക്കാൻ സാമൂഹ്യനീതി വകുപ്പ് പൂർണ്ണപിന്തുണ നൽകിയതു തൊട്ട് ആ ബന്ധം വ്യക്തിപരമായും വകുപ്പു ചുമതലക്കാരിയെന്ന നിലയ്ക്കു പ്രവീണുമായി നിലനിർത്തിയിരുന്നു. മിസ്റ്റർ കേരള പട്ടം നേടിയ ശേഷം കായികരംഗത്ത് കൂടുതൽ ഉയർച്ചയ്ക്ക് പിന്തുണ തേടിയപ്പോഴും അതുറപ്പാക്കാൻ വേണ്ടതു ചെയ്തിരുന്നു. മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ പ്രതിമാസം 32000 രൂപ വച്ച് ഏഴു മാസത്തേക്ക് 2,30,000 രൂപ പ്രവീണിന്റെ അഭ്യർത്ഥന പ്രകാരം നൽകിയിരുന്നു.

സർക്കാരിന്റെ പിന്തുണയ്ക്കൊപ്പം, വേദനാകരമായ ജീവിതസന്ദർഭങ്ങളെ അരികിലേക്കു മാറ്റി കഠിനപ്രയത്നം നടത്തിക്കൊണ്ടു കൂടിയാണ് ട്രാൻസ് സമൂഹത്തിന് ഇന്നത്തെ നിലയിലെങ്കിലും സമൂഹത്തിൽ നിവർന്നു നിൽക്കാനാവുന്നതെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഈ ശ്രമങ്ങൾക്കു പിന്നിലെ വ്യക്തിപരമായ യാതനകളും കൂട്ടുപ്രവർത്തനങ്ങളും എത്ര ശ്രമകരമാണെന്ന് ഏവരും മനസ്സിലാക്കേണ്ടതുണ്ട്.

ഇന്നു സമൂഹത്തിൽ പരിഗണനയും തുല്യനിലയും നേടിയിട്ടുള്ള ഏതു സാമൂഹ്യവിഭാഗവും ഇത്തരം പീഡാനുഭവങ്ങളെ നേരിട്ടാണ് ഉയർന്നുവന്നിട്ടുള്ളതെന്ന് ഓരോരുത്തർക്കും സ്വന്തം ഉള്ളിലേക്കു നോക്കിയാൽ മനസ്സിലാകാവുന്നതേയുള്ളൂ.
നമ്മുടെ സമൂഹത്തിന്റെ ദൗർഭാഗ്യത്തിന്, അവരവർ കടന്നുവന്ന വഴി പോലും കാണാൻ കഴിയാത്തവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണ്. സൈബറിടങ്ങളിലെ വേട്ട മനസ്സുകൾ അതിന് തികഞ്ഞ തെളിവാണ്. എന്നാൽ, ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ഭാഗമായ ഓൺലൈൻ മാധ്യമങ്ങൾ ഈ മനസ്സിലാകൽ ഇല്ലാത്തവയാകുന്നത് പൊറുക്കാനാവുന്നതല്ല.

പ്രവീൺ നാഥിനുണ്ടായത് ഒറ്റപ്പെട്ട അനുഭവമല്ല തന്നെ. സമാനമായ അധിക്ഷേപങ്ങളിൽ മനസ്സു ചത്ത് ജീവനവസാനിപ്പിച്ചവർ വേറെയും എത്രയോ പേരുണ്ട്. അറിഞ്ഞായാലും അറിവില്ലായ്മ കൊണ്ടായാലും, സമൂഹത്തിൽ നിന്നുള്ള പിൻവാങ്ങലിലേക്കും മരണത്തിലേക്കു തന്നെയും ഒരു ജനതയെ തള്ളിനീക്കുന്ന അസഹിഷ്ണുത ആധുനിക ജനാധിപത്യത്തിന് ഒട്ടും ചേരില്ല. അതിന് ചൂട്ടുപിടിക്കുന്ന മാധ്യമ സമീപനങ്ങൾ തിരുത്തേണ്ട നേരം അതിക്രമിച്ചു.

പ്രവീൺനാഥിന്റെത് രക്തസാക്ഷിത്വമാണ്. ഇങ്ങനെയാരു കമ്യൂണിറ്റി നമുക്കൊപ്പം നമ്മിൽ പെട്ടവരായി ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും തയ്യാറാത്തവരുടെയും ആ അറിവുകേടിന് കൂട്ടുനിൽക്കുന്ന ജീർണ്ണ മാധ്യമപ്രവർത്തനത്തിന്റെയും രക്തസാക്ഷിയാണവൻ. ഇനിയും ഇത്തരമൊരു ദുരന്ത വാർത്തയ്ക്ക് അരങ്ങൊരുക്കാൻ പൊതുഇടങ്ങൾ ചോരക്കൊതിപൂണ്ടു നിൽക്കരുത്. ധാർമ്മികമായ കരുത്തോടെ മലയാളിസമൂഹം അതിനുള്ള ജാഗ്രത കാണിക്കണമെന്നും പ്രവീണിന് അന്ത്യയാത്ര അർപ്പിച്ച് അഭ്യർത്ഥിക്കട്ടെ.


 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News