കേരളത്തിലെ ഡാമുകളുടെ സംഭരണികള്‍ക്ക് ചുറ്റും നിയന്ത്രിത മേഖല: സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു മന്ത്രി റോഷി അഗസ്റ്റിന്‍

കേരളത്തിലെ ഡാമുകളുടെ സംഭരണികള്‍ക്ക് ചുറ്റും നിയന്ത്രിത മേഖല ഏര്‍പ്പെടുത്തണമെന്ന കോടതി നിര്‍ദേശത്തില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സെക്രട്ടേറിയറ്റില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്.

20 മീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവരില്‍ ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തില്‍ പിന്‍വലിച്ചിരുന്നു. ഇതിനു പകരമായി പുതിയ നിയമം ഇറക്കുന്നതിന്റെ ആദ്യ പടിയായാണ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. സംസ്ഥാനത്ത് പല ഡാമുകളുടെയും സമീപ പ്രദേശങ്ങള്‍ ജനവാസ കേന്ദ്രങ്ങളായതിനാല്‍ നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലടക്കം ഇളവുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഉത്തരവെന്ന് മന്ത്രി സര്‍വ കക്ഷി യോഗത്തെ അറിയിച്ചു.

Also read – “ലോകത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ കുറ്റവാളികളാണ് ഇസ്രയേൽ”: മുഖ്യമന്ത്രി

പുതുക്കിയ ഉത്തരവിന്റെ കരട് തയാറാക്കി എത്രയും പെട്ടെന്ന് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ക്ക് നല്‍കും. ഇതിനു ശേഷം തുടര്‍യോഗം ചേര്‍ന്ന് ഇതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചാകും പുതിയ ഉത്തരവ് ഇറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയന്ത്രണവും പുതിയ ഉത്തരവില്‍ കാണില്ലെന്നും മന്ത്രി യോഗത്തെ അറിയിച്ചു.

വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് പുത്തലത്ത് ദിനേശന്‍ (സിപിഎം), എന്‍. ശക്തന്‍ എംഎല്‍എ (കോണ്‍ഗ്രസ്), വി.വി. രാജേഷ് (ബിജെപി), ജോസ് പാലത്തിനാല്‍ (കേരള കോണ്‍ഗ്രസ് എം), മോന്‍സ് ജോസഫ് എംഎല്‍എ (കേരള കോണ്‍ഗ്രസ്), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), വാമനപുരം പ്രകാശ് കുമാര്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കരുമം സുന്ദരേശന്‍ (കേരള കോണ്‍ഗ്രസ് – ജേക്കബ്) എന്നിവരും ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് ബിശ്വനാഥ് സിന്‍ഹ ഐഎഎസ് (അഡീഷണല്‍ ചീഫ് സെക്രട്ടറി), ജീവന്‍ ബാബു ഐഎഎസ്, ആര്‍. പ്രിയേഷ് (സിഇ, ഐഡിആര്‍ബി), വിവിധ ചീഫ് എഞ്ചിനിയര്‍മാരും യോഗത്തില്‍ പങ്കെടുത്തു നിര്‍ദേശങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News