
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഉള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.
സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. OTTയിലും ഇത്തരം സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി.
കലാകാരന്മാരെ സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. വകുപ്പിന് കീഴിലെ എല്ലാ തിയേറ്ററുകൾ നവീകരിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ ധാരാളം തിയേറ്ററുകൾ നിർമ്മാണ ഘട്ടത്തിലാണ്. സിനിമ മ്യുസിയം പ്രവർത്തനം മുന്നോട്ട് പോകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഫിലിം ഫെസ്റ്റിവൽ പുതിയ തലത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വകുപ്പിനെക്കുറിച്ച് നല്ല ഫലപ്രദമായ ചർച്ചകൾ ആണ് ഉണ്ടായത്. എല്ലാം അംഗീകരിക്കുന്നു. മൈക്ക് ഉപയോഗിക്കാനുള്ള അനുമതി 10 മണിക്ക് ശേഷം കിട്ടാത്തത് ഗൗരവതരമായ വിഷയമാണ്. സുപ്രീം കോടതി വിധി പ്രകാരം ആണത്. വകുപ്പ് അത് പരിശോധിച്ചിട്ടുണ്ട്. നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്. അത് ലഭിച്ച ഉടനെ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here