‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’; 2000 രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ ‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’ എന്ന ഒറ്റ വരി കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രിയുടെ പരിഹാസം. നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.

ഇന്ന് വൈകീട്ടോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വന്നത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. 2000 നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ഈ വരുന്ന സെപ്റ്റംബര്‍ 30 വരെ സമയം നല്‍കി.

Also Read- ‘2000 രൂപ നോട്ടിന്റെ നിരോധനത്തിന് പിന്നില്‍ ചിപ്പ് ക്ഷാമമെന്ന് പറയരുത്; 2016 ലെ പ്രേതം വീണ്ടും വേട്ടയാടാനെത്തി’: പവന്‍ ഖേര

2000ന്റെ നോട്ട് പിന്‍വലിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ നിരവധി പേരാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നോട്ട് നിരോധനത്തിലൂടെ 2016 നവംബര്‍ എട്ടിന്റെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാന്‍ തിരിച്ചെത്തിയിരിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. കള്ളപ്പണം തടയാന്‍ 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന ബി.ജെ.പിയുടെ പൊള്ളയായ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു. ലോകം നേരിടുന്ന ചിപ്പ് ക്ഷാമം 2000 രൂപ നിരോധനത്തിന് കാരണമായി പറയില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, ജയ്‌റാം രമേശ് എന്നിവരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ‘നമ്മുടെ വിശ്വഗുരുവിന്റെ സ്ഥിരം പരിപാടി തന്നെ’ എന്നായിരുന്നു വിഷയത്തില്‍ ജയ്‌റാം രമേശ് പ്രതികരിച്ചത്.

Also Read- രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്നതിന് പിന്നില്‍? സാമ്പത്തിക വിദഗ്ധന്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel