
വീണ്ടും RSS ഭാരതമാതാവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് നേരത്തെ വിളിച്ചാണ് പ്രോഗ്രാം നിശ്ചയിച്ചത്. വിവാദങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ഇന്നത്തെ പ്രോഗ്രാം നിശ്ചയിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
രാജ്ഭവന്‍ തന്ന ആദ്യ പരിപാടി ലിസ്റ്റില്‍ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചില്ല. ചെല്ലുമ്പോള്‍ ഭാരതാംബ ചിത്രം കണ്ടു. ഗവര്‍ണര്‍ അതില്‍ പൂവിട്ട് പൂജിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബചിത്രം എന്തിനെന്നും ഇതിലുള്ള പ്രതിഷേധം ആ വേദിയില്‍ തന്നെ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
Also Read : വീണ്ടും RSS ഭാരതമാതാവിന്റെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി
ഈ വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. മഹാത്മാഗാന്ധിയുടെയോ പ്രധാനമന്ത്രിയുടെയോ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ട്. രാജ്ഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നുവെന്നും ഇന്ത്യ എന്റെ രാജ്യമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഭരണഘടനയാണ് അതിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനതീതമല്ല. അതുകൊണ്ട് താന്‍ കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്‌കരിച്ചു. വേണമെങ്കില്‍ തനിക്ക് കുട്ടികളുമായി അവിടെ നിന്നും ഇറങ്ങാമായിരുന്നു. എന്നാല്‍ തന്റെ മാന്യത കൊണ്ട് അത് ചെയ്തില്ല. നിഷ്‌കളങ്കരായ കുട്ടികളുടെ മുന്‍പില്‍ വര്‍ഗീയത കുത്തി കേറ്റുകയാണെന്നും ഇങ്ങനെ ഒരു ഭാരതാംബയെ കുട്ടികള്‍ ആരും കണ്ടിട്ടില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇനിയിപ്പോള്‍ പാഠപുസ്തകത്തില്‍ ഒക്കെ ഇങ്ങനെ ആക്കുമായിരിക്കും. ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണ്. ഇതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പറ്റില്ല. ഗവര്‍ണറുടെത് ഏറ്റവും വിലകുറഞ്ഞ നിലപാടാണെന്നും രാജ്ഭവനെ രാഷ്ട്രീയവല്‍ക്കരിച്ച് ആര്‍എസ്എസിന്റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here