ജനകീയ ആരോഗ്യ കേന്ദ്രം തുണയായി; മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് പുതുജീവിതം

എറണാകുളം രായമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പതിമൂന്നാം വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോയ് പൂനേലിയ്ക്ക് (60) തുണയായിരിക്കുകയാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രം. സ്‌ട്രോക്ക് ബാധിച്ച ജോയി പൂനേലിയെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സമയോചിതമായി പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു.

മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ യോഗത്തിലൂടെ അഭിനന്ദിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത ജോയ് പൂനേലി തനിക്ക് ജനകീയ ആരോഗ്യ കേന്ദ്രത്തിലൂടെ കിട്ടിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു. തനിക്ക് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ കഴിഞ്ഞത് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തിയ ജോയി പൂനേലിയ്ക്ക് ക്ഷീണം അനുഭവപ്പെട്ടു. ഉടന്‍ തന്നെ എംഎല്‍എസ്പി നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മര്‍ദവും, പ്രമേഹവും ഉയര്‍ന്ന നിലയിലായിരുന്നു. ഇടത് ഭാഗത്ത് തളര്‍ച്ചയും സംസാരത്തില്‍ കുഴച്ചിലുമുണ്ടായിരുന്നു. സ്‌ട്രോക്കിന്റെ ലക്ഷണമാണെന്ന് മനസിലാക്കി ജോയി പൂനേലിയെ ഉടന്‍ തന്നെ സ്‌ട്രോക്ക് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചു.

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. ഗോള്‍ഡന്‍ അവറിനുള്ളില്‍ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും.ഇതുകൂടാതെ ദീര്‍ഘകാലമായി ശ്വാസംമുട്ടലോടെ ഓക്‌സിജന്‍ സഹായത്തോടെ കഴിഞ്ഞ കിടപ്പ് രോഗിയ്ക്കും പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തുണയായി. ഇ സഞ്ജീവനി വഴി ഡോക്ടറുടെ ഉപദേശത്തോടെ ആവശ്യമായ കുത്തിവയ്പ്പ് നടത്തിയും മാതൃകയായി.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ നാട്ടില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഫീല്‍ഡ് തലത്തില്‍ രോഗപ്രതിരോധം മുതല്‍ സാന്ത്വന പരിചരണം വരെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്തി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News