
ആർത്തവ സംബന്ധമായ ചികിത്സയ്ക്കായി തുടർന്ന് മെഡിക്കൽ കോളേജിൽ കഴിയേണ്ടി വന്ന മാധ്യമ പ്രവർത്തകയുടെ കുറിപ്പ് പങ്കുവെച്ച് മന്ത്രി വീണാ ജോർജ്. “വീണുപോവരുത്! ഈ വരാന്തകളിൽ കാത്തുനിൽക്കുന്നവർക്ക് താങ്ങാവശ്യമുണ്ട്”-രജി ആർ നായർ കുറിച്ചതിങ്ങനെയാണ്. സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുമ്പോൾ അനേകം ആളുകൾ ഇതിനെതിരെ സർക്കാർ ആശുപത്രികളിലെ തങ്ങളുടെ നല്ല അനുഭവങ്ങൾ പങ്കു വെച്ച് മുന്നോട്ടു വരുന്നുണ്ടെന്നും മന്ത്രി കുറിപ്പിൽ കൂട്ടി ചേർത്തു. 5 ആഴ്ചകൾക്കു മുൻപ് പ്രിയ രജി പങ്കുവെച്ച കുറിപ്പിലെ വരികൾ മനസ്സിലേക്ക് കടന്നു വന്നതിനാലാണ് കുറിപ്പ് പങ്കുവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുറിപ്പ് ചുവടെ നൽകുന്നു
അന്നെനിക്ക് മനസ്സിലായി
പേടിച്ചത് വെറുതെയായെന്ന്…
ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. എന്നാലും ചെറിയ രക്തസ്രാവത്തിലൂടെ ശരീരം സങ്കടം പറഞ്ഞു തുടങ്ങിയത് നാലുമാസം മുന്പാണ്. ‘പ്രായത്തിന്റെ കുഴപ്പം’ എന്ന് ഞാൻ ഗർഭപാത്രത്തെ സമാധാനിപ്പിച്ചു. രണ്ടുമാസം അങ്ങനെ പോയി. എങ്കിലും സ്ത്രീകൾ സ്വന്തം ആരോഗ്യക്കാര്യത്തിൽ കാണിക്കുന്ന പതിവ് ഉദാസീനതയെ മറികടന്ന് ഞാനൊരു ഡോക്ടറെ കണ്ടു. ആർത്തവ വിരാമത്തിന് കാലമായിട്ടില്ല. എങ്കിലും അതിന്റെ ഒരുക്കങ്ങളാവാം എന്ന സമാധാനംകേട്ട് മടങ്ങി. രണ്ടുമാസം വീണ്ടും കടന്നുപോയി.
ആശങ്കകളില്ലെങ്കിലും ശരീരം അപ്പോഴും ചെറുതായി ചോർന്നൊലിക്കുന്നുണ്ട്. പരിചയത്തിലുള്ള ഡോക്ടർ ദന്പതികളെ കാണാമെന്നുവെച്ചത് അതുകൊണ്ടാണ്. ഡോ.അനീഷ ആരോഗ്യവകുപ്പിൽ. ഭർത്താവ് ഡോ. സിദ്ദിഖ് കോഴിക്കോട് മെഡിക്കൽ കോളേജിൽ. ഗർഭാശയഭിത്തിക്ക് കനംവെയ്ക്കുന്നതാണ്. പരിഹരിക്കാവുന്ന കുഴപ്പം മാത്രമേയുള്ളൂ. പതിവു പരിശോധനകൾ പറഞ്ഞു. അർബുദമില്ലെന്നുറപ്പാക്കാനുള്ള പിപ്പല്ലി ബയോപ്സി ഉൾപ്പെടെ. അവർ പേടിപ്പിക്കാത്തതുകൊണ്ടാവാം, ഞാൻ പരിശോധനകൾ മറന്നു. രണ്ടാഴ്ച ഓടിപ്പോയി. അങ്ങനെയിരിക്കേ ഒരു മുന്നറിയിപ്പുല്ലാതെ രോഗാശങ്ക കടന്നുവന്നു. പുതിയ കുപ്പായമിട്ടാൽ പുറത്തുപോവണമെന്ന് നിർബന്ധമുള്ള കുട്ടികളെപ്പോലെയാണ് രോഗഭീതി. അതു നമ്മളെ നിലത്തുനിർത്തില്ല. േഡാ. സിദ്ദിഖിന്റെ ഒ.പി.ക്ക് ഇനിയും ദിവസമുണ്ട്. ഞാനോടി. ഗൈനക് സംശയങ്ങൾക്ക് എപ്പോഴും മറുപടി തരാറുള്ള പരിചയക്കാരനായ മറ്റൊരു ഡോക്ടറുടെ ക്ലിനിക്കുവരെ.
മണിച്ചിത്രത്താഴിൽ ഡോ. സണ്ണി ഗംഗയുടെ ബാല്യത്തെക്കുറിച്ച് പറയുംപോലെയാണ് പിന്നീടുള്ള കാര്യങ്ങൾ. രോഗവർണനയുടെ കടുംചായങ്ങൾ, പരിശോധനയുടെ മന്ത്രവാദക്കളങ്ങൾ. അന്നുതന്നെ അദ്ദേഹം ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാവാനും ബയോപ്സി നടത്താനും നിർദേശം. മെഡിക്കൽ കോളേജിലെ ഡോക്ടറെ കണ്ട കാര്യം പറഞ്ഞു. ഇൻഷുറൻസ് ഉള്ളതിനാൽ അഡ്മിറ്റാവൂ. മൂന്നു പരിശോധനകളാണ്. വേദനയറിയില്ല. സുഖസൗകര്യങ്ങളുണ്ട്. ആകെ 60,000 രൂപയേ വരൂ എന്നീ കാര്യങ്ങൾ പറഞ്ഞ് അദ്ദേഹം എന്നെ മെഡിക്കൽ കോളേജിനെ മറക്കാൻ േപ്രരിപ്പിച്ചു. അടുത്ത പരിചയക്കാരനാണ്, എന്റെ അഭ്യുദയകാംഷിയാണ്. ആ സ്നേഹത്തിലാണ് അദ്ദേഹം പറയുന്നതെന്നറിയാം. ആവശ്യമെങ്കിൽ ആവാം. പേക്ഷ അത്രയൊന്നും ആവശ്യമില്ലെന്നൊരു തോന്നൽ. എവിടെയോ ഒരു കൊള്ള മണത്തു. പഴയ എസ്എഫ്ഐക്കാരിക്ക്, എപ്പോഴത്തെയും മെഡിക്കൽ കോളേജ് വിശ്വാസിക്ക് അവിടെത്തുടരാൻ തോന്നിയില്ല. പോയതിലും വേഗത്തിൽ ഞാൻ തിരിച്ചോടി. മെഡിക്കൽ കോളേജ് ഒ.പി.വരെ.
മൂന്നു ടെസ്റ്റുകൾ എന്തിനാണെന്ന സംശയം ഡോ. സിദ്ദിഖ് തീർത്തുതന്നു. രണ്ടു പരിശോധനകൾ പിപ്പല്ലി ബയോപ്സിക്ക് തുല്യമായവയാണ്. രണ്ടും സാംപിൾ എടുക്കാനുള്ളവതന്നെ. സാംപിൾ എടുപ്പ് കുറച്ചുകൂടി സുഖകരമായിരിക്കും എന്നുപറയാം. പേക്ഷ എടുത്ത സാംപിൾ പരിശോധിക്കുന്നതെല്ലാം ഒരേ രീതിതന്നെ. മൂന്നാമത്തെ ടെസ്റ്റ് എം.ആർ.ഐ. ആണ്. അത് വല്ല കുഴപ്പവുമുണ്ടെങ്കിൽപ്പോരേ? മതി. തീരുമാനമായി
ചില പ്രാഥമിക പരിശോധനകൾ, പിപ്പല്ലി ബയോപ്സിക്കാവശ്യമായ ഒരു സൂചി, കൂട്ടുവന്ന രണ്ടു കൂട്ടുകാർക്കും എനിക്കും ഓരോ മാസ്ക്. ആകെ ചിലവ് ആയിരത്തിൽതാഴെ. അർബുദസാധ്യതയില്ലെന്ന പരിശോധനാഫലംകൂടി കിട്ടിയതോടെ ഞാൻ ഗർഭപാത്രത്തെ മറന്നു.
പേക്ഷ രോഗം അപ്പോഴും ബാക്കിയാണ്. ചികിത്സ മൂന്നുമാസംനീളുന്ന ഹോർമോൺ ഗുളികകൾ. മൂന്നുമാസം, മറക്കാതെ, തെറ്റാതെ മൂന്നുനേരംവീതം ഗുളിക. അത്ര ഓർമയും നിഷ്കർഷയുമുണ്ടായിരുന്നെങ്കിൽ ഞാൻ ആരായേനേ!പിന്നൊരു വഴിയുള്ളത് മറീന (MIRENA) യാണ്. ഗർഭപാത്രത്തിൽ നിേക്ഷപിക്കാവുന്ന ചെറിയൊരു സംഗതി. അതിൽനിന്ന് മൂന്നുനേരം തെറ്റാതെ ദിവസവും ഹോമോൺ ഉള്ളിലെത്തും. ഞാൻ ഓർത്താലും മറന്നാലും അഞ്ചുവർഷം സുരക്ഷിതം. പേക്ഷ സംഗതി ഉള്ളിലിടാൻ ഒരു തിയേറ്റർ െപ്രാസീജർ വേണം. അനസ്തീസിയയില്ല. വേദന സഹിക്കണം.
അതും മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചെയ്യാമെന്ന എന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടു. ലേബർ റൂമിനെക്കുറിച്ചുള്ള പഴയ കഥകൾ, പേടികൾ, തിരക്ക്, സൗകര്യമില്ലായ്മ… പ്രിയപ്പെട്ടവർ പല കാരണങ്ങൾ നിരത്തി. അതൊന്നും കാര്യമല്ലെന്നവിധം മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അറിവിലും അനുഭവപരിചയത്തിലും ഞാൻ ആഴത്തിൽ വിശ്വസിച്ചിരുന്നു. ഡോക്ടർ ധൈര്യം തന്നു. ഞാനുറച്ചുനിന്നു.
എന്നിട്ടും ആശുപത്രിയിൽ പോവേണ്ടദിവസം ഞാൻ ആകുലയായി. പരിചയക്കാരനായ ഡോക്ടർ തിയേറ്റിലുണ്ടാവില്ല. കടുപ്പക്കാരികളായ ജീവനക്കാർ, മയമില്ലാത്ത ഏതോ ഡോക്ടർ, വേദനയോടെയുള്ള മടക്കം… ഉള്ളിൽ ഞാൻ ഇല്ലാത്ത ശത്രുക്കളെ സൃഷ്ടിച്ചു. സ്വകാര്യ ആശുപത്രികളുടെ പരിലാളനകൾ വേണ്ടെന്നുവെച്ചതിൽ ദു:ഖിച്ചു. തീരുമാനം മാറ്റിയാലോ എന്നാലോചിച്ചു. എന്നിട്ടും വഴിതെറ്റാതെ മെഡിക്കൽ കോളേജിലെത്തി.
ഭർത്താവിനെ പുറത്തുനിർത്തണം എന്നതൊഴിച്ചാൽ മറ്റ് അസൗകര്യങ്ങളൊന്നുമില്ല. കൂട്ടുകാരിക്ക് പ്രവേശനമുണ്ട്. നല്ല വൃത്തിയും വെടിപ്പുമുണ്ട്. സമാധാനിപ്പിക്കുന്ന നല്ല മുഖങ്ങൾ. അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നുറപ്പുവരുത്തി. െപ്രാസീഡറിനുമുന്പുള്ള മുന്നറിയിപ്പുകടലാസിൽ ഒപ്പുവെപ്പിച്ചു.
Also read – “എന്റെ ജീവിതത്തിലെ 30 സെക്കന്റ് മാത്രമായിരുന്നു അത്”: സോഷ്യൽ മീഡിയയുടെ വിദ്വേഷത്തിനിരയായി 35കാരി അമ്മ
വെള്ളയും വെള്ളയും ധരിക്കണം. മുടി വൃത്തിയായി മൂടിക്കെട്ടണം. അത്രയേയുള്ളൂ നിർബന്ധങ്ങൾ. മുടി കെട്ടിത്തരാൻ വന്ന ജീവനക്കാരി അത് അങ്ങേയറ്റം കലാപരമായി നിർവഹിച്ചു. ഒരു വെള്ളതോർത്തുകൊണ്ടുള്ള തലേക്കെട്ട്. അതിൽ മുടി ഒതുങ്ങി. തീർത്തും ഗ്രാമീണമായ ഒരു ഗൃഹാന്തരീക്ഷം മനസ്സിൽവന്നു. ഞാൻ സ്വസ്ഥയായി.
അതുകഴിഞ്ഞ് ചെറിയൊരു കാത്തിരിപ്പുണ്ട്. തിയേറ്ററിലെ ഒരുക്കങ്ങൾക്കുള്ളതാണ്. കാത്തിരിപ്പുമുറിയിൽ മറ്റു രണ്ടുപേർകൂടിയുണ്ട്. ഒരാൾ മലപ്പുറംകാരി. മറ്റേയാൾ അത്തോളി സ്വദേശി. അവർ പഴയ പരിചയക്കാരെപ്പോലെ കഥ പറഞ്ഞു തുടങ്ങി. ഞാൻ കേൾവിക്കാരിയായി. രോഗവും ജീവിതവും ഇടകലർന്നു.
ഊഴമായി. തിയേറ്ററിലെത്തുംവരെ ജീവനക്കാരിലൊരാൾ കൂടെവന്നു. അവർ പറഞ്ഞു,‘‘പെട്ടെന്നു കഴിയും. റിലാക്സ്ഡ് ആയിരിക്കൂ.’’
നല്ല അടുക്കും ചിട്ടയുമുള്ള തിയേറ്റർ. എല്ലാ സൗകര്യങ്ങളുമുണ്ട്. ഡോക്ടർക്കും നഴ്സിനുംപുറമേ ആവശ്യത്തിന് സഹായികളും. എന്താണ് ചെയ്യാൻ പോവുന്നതെന്നും ചെറിയ വേദനയുണ്ടാവുമെന്നും അവർ പറഞ്ഞുതന്നു. അതുവരെ കടന്നുപോയ പല വേദനകളെ മനസ്സിലോർത്തെടുത്ത് ഞാൻ അപ്പോഴനുഭവിച്ചതിനെ ലഘൂകരിച്ചു. പിഴവില്ലാത്ത വൈദഗ്ധ്യം, പരിചയസന്പത്തിന്റെ ധാരാളിത്തം.. എല്ലാം സുഖമായി കഴിഞ്ഞു.
Also read – അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഏഴ് ആണ്ട്
വീൽ ചെയർ റെഡിയായിരുന്നു. കരുതലുള്ള പല മുഖങ്ങളിലേക്കുനോക്കി ഞാൻ മനസ്സറിഞ്ഞൊരു നന്ദി പറഞ്ഞു. അധികമാരുമങ്ങനെ പറയാത്തതുകൊണ്ടാവാം, അവർ ചിരിച്ചു.
ഒരു മണിക്കൂർ നിർബന്ധിത വിശ്രമം. അതുകഴിഞ്ഞുള്ള േക്ഷമാന്വേഷണങ്ങൾ. ബൈസ്റ്റാന്റർ കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി പോവാൻ അനുവാദം തന്നു. ചിലവെന്നു പറയാൻ കാര്യമായൊന്നുമില്ല.
മുമ്പെപ്പോഴും ആശ്രയിച്ചത് സ്വകാര്യ ആശുപത്രികളെയാണ്. മോശം അനുഭവങ്ങളില്ല. ഇൻഷുറസുള്ളതുകൊണ്ട് ചിലവ് താങ്ങാനായിട്ടുമുണ്ടെങ്കിലും അനാവശ്യമായ പരിശോധനനകൾക്കും പണച്ചെലവുകൾക്കും നിന്നുകൊടുക്കേണ്ടിവന്നിട്ടുണ്ട്. പേക്ഷ അതിനൊന്നുമാവാത്ത ലക്ഷക്കണക്കിനാളുകളുണ്ട്. അവർക്കും നല്ല ആരോഗ്യസേവനമാവശ്യമുണ്ട്. മെഡിക്കൽ കോളേജുകളാണ് അതിനുത്തരം. പടിയിറങ്ങുമ്പോൾ ആശുപത്രിയെനോക്കി മനസ്സിൽ പറഞ്ഞു, ‘‘വീണുപോവരുത്. ഈ വരാന്തകളിൽ കാത്തുനിൽക്കുന്നവർക്ക് താങ്ങാവശ്യമുണ്ട്.’’
രജി ആർ. നായർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

