കഷ്ടം! ഇത് മാധ്യമ പ്രവര്‍ത്തനമോ അതോ അധമ പ്രവര്‍ത്തനമോ?; വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി വീണാ ജോര്‍ജ്!

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദില്ലിയിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളാണ് വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. മന്ത്രിയുടെ യാത്ര തട്ടിപ്പോ പ്രഹസനമോ എന്ന തരത്തില്‍ അന്തിചര്‍ച്ചകളും സുലഭമായിരുന്നു. ഇതോടെ രാത്രി ഏറെ വൈകിയും ഇത്തരകാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ദില്ലി യാത്രയെ കുറിച്ച് സ്പീക്കര്‍ നിയമസഭയില്‍ പറയുന്നതിന്റെ ദൃശ്യങ്ങളടക്കം പങ്കുവച്ച് കൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

ALSO READ: ‘സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്’; മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളം 100% വർധിപ്പിക്കാൻ കർണാടക സർക്കാർ അംഗീകാരം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

രാത്രി വൈകി. ഇന്ന് ചില മാധ്യമങ്ങളും ചില മാധ്യമ പ്രവര്‍ത്തകരും നടത്തിയ ഹീനമായ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് പലരും എന്നോട് പറയുകയുണ്ടായി.
”മന്ത്രിയുടെ ഡല്‍ഹി യാത്ര ആശമാര്‍ക്ക് വേണ്ടിയോ. മന്ത്രിയുടെ യാത്ര തട്ടിപ്പോ… മന്ത്രിയുടേത് പ്രഹസനമോ…”
ചര്‍ച്ചകള്‍ നടത്തി ചിലര്‍ വല്ലാതെ നിര്‍വൃതി അടഞ്ഞുവെന്നും അറിഞ്ഞു.

  1. എന്റെ ഡല്‍ഹി യാത്രയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഒരു മാധ്യമത്തോടും ഞാന്‍ സംസാരിച്ചിട്ടില്ല. ആരും എന്നോട് ചോദിച്ചിട്ടുമില്ല.
  2. ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ‘ഒരാഴ്ചക്കുള്ളില്‍’ നേരിട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും എന്നാണ്. ഇന്ന് ഡല്‍ഹിയില്‍ വച്ചും ഞാന്‍ പറഞ്ഞതും ഇന്ന് കാണാന്‍ അപ്പോയ്മെന്റ് ലഭിച്ചില്ലെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സൗകര്യം എപ്പോഴെന്നറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണും എന്നുള്ളതാണ്.
  3. ആശമാരുടെ വിഷയത്തില്‍ ആദ്യമായല്ല ഞാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ വന്ന് കാണുന്നത്. 6 മാസം മുമ്പ് ഞാന്‍ കേന്ദ്ര മന്ത്രിയെ കണ്ടപ്പോള്‍ ആശമാരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിനെ കുറിച്ച് ഞാന്‍ പറയുന്നത് യൂട്യൂബില്‍ ഉണ്ട്.
  4. 12.03.2025ന് ഞങ്ങളുടെ ഡല്‍ഹി യാത്രയെക്കുറിച്ച് സ്പീക്കര്‍ നിയമസഭയില്‍ പറയുന്നതിന്റെ വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നു. ബഹു. മുഖ്യമന്ത്രി 2023 ജൂണില്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിത്. ആരോഗ്യ മേഖലയില്‍ കാന്‍സര്‍ വാക്സിന്‍ ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സഹകരണം.
  5. എന്റെ യാത്രയുടെ രണ്ട് ലക്ഷ്യങ്ങളെക്കുറിച്ച് കേരള ഹൗസില്‍ വച്ച് ഞാന്‍ തന്നെയാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആ രണ്ട് ഉദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചര്‍ച്ചയുമാണ്.
  6. ഒരു കേന്ദ്ര സ്‌കീമിലെ പ്രവര്‍ത്തകര്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ ഒരു സംസ്ഥാന മന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്ര മന്ത്രിയെ കാണാന്‍ അനുവാദം തേടുന്നതാണോ തെറ്റ്? അതോ അത് നല്‍കാതിരിക്കുന്നതാണോ?
    ഇത് മാധ്യമ പ്രവര്‍ത്തനമാണോ? അധമ പ്രവര്‍ത്തനമാണോ?
    ഇവര്‍ സത്യത്തെ മൂടി വയ്ക്കുന്നത് ആര്‍ക്ക് വേണ്ടിയായിരിക്കും?
    ഇങ്ങനെ ഇവരില്‍ ചിലര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ആരെ സംരക്ഷിക്കാനായിരിക്കും?

    അസത്യ പ്രചരണത്തിന് പിന്നിലെ ഇവരുടെ ലക്ഷ്യങ്ങള്‍ എന്തായിരിക്കും?
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News