
ശബരിമലയിലെ സ്വർണമോഷണം പുറത്തു കൊണ്ടുവന്നത് ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വി എൻ വാസവൻ. 2019 മുതൽ നടന്ന പല സംഭവങ്ങളും മൂടിവെക്കപ്പെട്ടിരിക്കുകയായിരുന്നു. 2025 സെപ്റ്റംബറിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ചാണ് ഈ കാര്യങ്ങൾ പുറത്തുവരുന്നതെന്ന് അദ്ദേഹം കൈരളി ന്യൂസിൻ്റെ പബ്ലിക് ഓഡിറ്റ് സംവാദ പരിപാടിയിൽ പറഞ്ഞു.
ഈ പരിപാടിയിൽ മുൻപ് ഇടനിലക്കാരായി നിന്നിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ, സെപ്റ്റംബർ 17ന് ഒരു പീഠം കാണാനില്ലെന്ന് കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി പരാതിപ്പെടുകയായിരുന്നു. ഈ വിഷയം നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയും ചെയ്തു. എന്നാൽ സെപ്റ്റംബർ 28ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ, കാണാനില്ലെന്ന് പറഞ്ഞ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. പരാതിക്കാരൻ തന്നെ സാധനം മോഷ്ടിച്ച് ഒളിപ്പിച്ചു വെക്കുകയായിരുന്നു എന്ന് ഇതിലൂടെ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.
പരാതി പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് അവസാനിപ്പിക്കാമായിരുന്നുവെങ്കിലും, ഇതിനു പിന്നിലെ വലിയ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് നിർദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ്, ക്രൈംബ്രാഞ്ച് അല്ലെങ്കിൽ വിജിലൻസ് എന്നിവരുടെ ഉന്നതതല പ്രത്യേക അന്വേഷണ സംഘം വേണമെന്നുള്ള സർക്കാർ നിലപാട് കോടതിയെ അറിയിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ അറിയിക്കുകയായിരുന്നു. അത് പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


