കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രിമാര്‍

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെയും പോളിന്റെയും അജീഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രിമാര്‍. മന്ത്രിതല സംഘം പാക്കത്ത് പോളിന്റെ വീട്ടിലും, മൂടക്കൊല്ലിയിലെ പ്രജീഷിന്റെ വീട്ടിലും, പടമലയിലെ അജീഷിന്റെ വീട്ടിലുമാണ് സന്ദര്‍ശനം നടത്തിയത്. മന്ത്രിമാരായ എ കെ ശശീന്ദ്രനും, എം ബി രാജേഷും, കെ രാജനുമടങ്ങിയ മന്ത്രിതല സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ചത്.

അതേസമയം വന്യമൃഗശല്യം തടയുന്നതിന് വയനാട്ടില്‍ ജില്ലാ തലത്തില്‍ ജനകീയ സമിതി രൂപീകരിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ 27 നിര്‍ദേശങ്ങളില്‍ 15 എണ്ണവും നടപ്പിലാക്കി.

ALSO READ:മലയാറ്റൂരിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം

വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളുടെ ഭാഗമായാണ് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്, റവന്യൂ മന്ത്രി കെ രാജന്‍, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട മന്ത്രിതല സംഘം വയനാട്ടിലെത്തിയത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തുടര്‍ന്ന് ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാനായി നിര്‍ണായക തീരുമാനങ്ങളെടുത്തു. ജില്ലാ കളക്ടര്‍ കോ ഓര്‍ഡിനേറ്ററായി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും. പഞ്ചായത്ത്/ വാര്‍ഡ് തലത്തിലും ജനകീയ സമിതികള്‍ പ്രവര്‍ത്തിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേരും. സ്വതന്ത്രാധികാരമുള്ള നോഡല്‍ ഓഫീസറെ നിയമിച്ചു. പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികള്‍ക്കായി നിലവിലെ നിയന്തണങ്ങളില്ലാതെ 13 കോടി രൂപ അനുവദിച്ചു. രണ്ട് ആര്‍ആര്‍ടി കള്‍ കൂടി സ്ഥിരപ്പെടുത്തും.

ALSO READ:വന്യമൃഗശല്യം തടയാന്‍ വയനാട്ടില്‍ ജില്ലാതല ജനകീയ സമിതി രൂപീകരിക്കും; കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാര്‍

ട്രഞ്ച് നിര്‍മ്മാണത്തിനും, അടിക്കാടുകള്‍ വെട്ടുന്നതിനും വയനാടിന് കേന്ദ്ര നിയമത്തില്‍ ഇളവ് ആവശ്യപ്പെടും. അധിനിവേശ സസ്യ നിര്‍മാര്‍ജനം ചെയ്ത് വനവത്കരണത്തിന് നടപടികള്‍ സ്വീകരിക്കും. നിരീക്ഷണത്തിനായി കൂടുതല്‍ ഡ്രോണുകളും 250 പുതിയ ക്യാമറകളും സ്ഥാപിക്കും. റിസോര്‍ട്ടുകള്‍ വന്യജീവികളെ ആകര്‍ഷിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കും. സോളാര്‍ ഫെന്‍സിംഗ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. അതേസമയം കോണ്‍ഗ്രസും യുഡിഎഫ് ജനപ്രതിനിധികളും യോഗം ബഹിഷ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News