കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

കൊളംബിയയിൽ വിമാനദുരന്തത്തോടും അതിദുർഘട വനത്തോടും പോരടിച്ച് അതിജീവന കഥ രചിച്ച് നാല് കുട്ടികൾ. അപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ കാണാതായ കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി. മെയ് ഒന്നിന് യന്ത്രത്തകരാർ മൂലം തകർന്നുവീണ വിമാനത്തിനുള്ളിൽ നിന്ന് കുട്ടികളുടെ അമ്മയടക്കം മൂന്നുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു.
തെക്കൻ കൊളംബിയയിൽ നിന്ന് 40 ദിവസം മുമ്പ് ബോഗോട്ടാ ലക്ഷ്യമാക്കി പറന്നുയർന്ന വിമാനം ആമസോൺ വനത്തിനുള്ളിൽ തകർന്നുവീണിരുന്നു. ഏഴ് യാത്രക്കാരിൽ പ്രാദേശിക രാഷ്ട്രീയ നേതാവും പൈലറ്റും നാല് കുട്ടികളും അമ്മയും. യന്ത്ര തകരാർ മൂലം തകർന്ന വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പൈലറ്റ്, രാഷ്ട്രീയനേതാവ്, കുട്ടികളുടെ അമ്മ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എന്നാൽ കാണാതായ നാല് കുട്ടികൾക്ക് വേണ്ടി കാടരിച്ച് പെറുക്കുകയായിരുന്നു കൊളംബിയ.
പതിനൊന്ന് മാസവും നാല്, ഒമ്പത്, പതിമൂന്ന് വയസ്സുമുള്ള കുട്ടികളുടെ കാല്പാടുകൾ പത്ത് ദിവസങ്ങൾക്കു മുമ്പ് സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. കനത്ത മഴയും വന്യമൃഗങ്ങൾ വിതയ്ക്കുന്ന ഭീതിയും മറികടന്ന് കാല്പാടുകൾ നൽകിയ പ്രതീക്ഷയിൽ മുന്നോട്ടുപോകുകയായിരുന്നു രക്ഷാപ്രവർത്തക സംഘം.
ഒടുവിൽ കുട്ടികൾക്കൊപ്പമുള്ള റെസ്ക്യൂ ടീമിൻറെ ചിത്രം പങ്കുവെക്കുകയാണ് കൊളംബിയൻ പ്രസിഡണ്ട് ഗുസ്താവോ പെട്രോ. നൂറുപേരടങ്ങുന്ന രക്ഷാ സംഘത്തിനൊപ്പം നാൽപത് ദിവസത്തിന് ശേഷം കാടിനുള്ളിൽ നിന്ന് ആരോഗ്യത്തോടെ പുറത്തേക്ക് വരുന്ന നാല് കുട്ടികളുടെ അതിജീവന കഥ കേൾക്കാൻ കാത്തിരിക്കുകയാണ് ലോകം മുഴുവൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here