സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും ; മഴക്കാലത്ത് ഇലക്ട്രിക് വാഹനങ്ങളിലും കാറുകളിലും തുരുമ്പെടുക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

How to protect EVs and cars from underbody rust during monsoon

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധവേണം. വേ​ഗതയിലും ബ്രേക്കിം​ഗിലും മാത്രമല്ല വെള്ളം കയറി തുരുമ്പെടുക്കുന്നതിലും വാഹന ഉടമകൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും.

ഇലക്ട്രിക് വാ​ഹനങ്ങളുടെ പ്രധാന ബാറ്ററികൾ അതിന്റെ അടിഭാ​ഗത്തായാണ് സ്ഥിതിചെയ്യുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ വെള്ളമുള്ള റോഡിലൂടെ വാഹനം ഓടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലക്ട്രിക് കാറുകളുടെ അടിഭാ​ഗത്ത് തുരുമ്പെടുത്താൽ പെട്ടെന്ന് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം. മാത്രമല്ല ബാറ്ററിക്കുള്ളിൽ ഈർപ്പവും തുരുമ്പും ഉണ്ടാകുന്നതും അപകടകരമാണ്. തീപിടുത്തം ഉൾപ്പെടെ സംഭവിക്കാം. ഉയർന്ന ശേഷിയുള്ള കേബിളുകൾക്കാണ് തുരുമ്പെടുത്തതെങ്കിൽ അതും വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കും. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ അടിഭാ​ഗത്ത് തുരുമ്പെടുത്താൽ അതിന്റെ കവചങ്ങളും ബാറ്ററിയും മാറ്റിസ്ഥാപിക്കാൻ വലിയ തുകതന്നെ ചിലവഴിക്കേണ്ടതായി വരും.

സാധാരണ വാഹനങ്ങളിൽ തുരുമ്പെടുത്താൽ അടിഭാ​ഗത്തെ മെറ്റൽ ഷീറ്റുകളിൽ വലിയ തുള രൂപപ്പെടുന്നതിന് കാരണമാകും. പുകക്കുഴലിൽ തുരുമ്പെടുത്താൽ വാഹനത്തിന്റെ ശബ്ദവിന്യാസത്തിലും വ്യത്യാസം സംഭവിക്കും. പുകചോർച്ചയും ഉണ്ടായേക്കാം. മെറ്റൽകൊണ്ടുള്ള ഇന്ധന ടാങ്കുകളാണ് തുരുമ്പിക്കുന്നതെങ്കിൽ ഇന്ധന ചോർച്ചയ്ക്ക് വരെ കാരണമാകും. ബ്രേക്ക് പൈപ്പുകളിലാണ് തുരുമ്പ് സംഭവിക്കുന്നതെങ്കിൽ അത് ബ്രേക്ക് ഓയിൽ ചോരുന്നതിനും ബ്രേക്ക് പൂർണമായും നഷ്ടപ്പെടുന്നതിനും കാരണമാകും. ഇത് അപകടകരമാണ്.

മഴക്കാലത്ത് ശ്രദ്ധയോടെ വാഹനങ്ങൾ ഉപയോ​ഗിച്ചില്ലെങ്കിൽ ഉടമകൾ പോലും അറിയാതെ തുരുമ്പെടുത്ത ഭാ​ഗങ്ങൾ വലിയ അപകടം ക്ഷണിച്ചുവരുത്തും. ഇത് ഒഴിവാക്കാനായി മഴക്കാലത്ത് വാഹനങ്ങളിൽ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

Also Read – വൈദ്യുതി ബില്ല് കുറയ്ക്കാം; ഒപ്പം സുരക്ഷയും, എന്താണ് സ്മാർട്ട് മീറ്ററുകൾ?

വാഹനത്തിന്റെ അടിഭാ​ഗം വെള്ളത്തിൽ മുങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായാൽ അടിഭാഗത്ത് അടിയുന്ന ചെളി ഉടനടി നീക്കുവാനും മാസത്തിൽ ഒരിക്കൽ നിർബന്ധമായും ഹൈ പ്രഷർ വാഷ് ചെയ്യുവാനും ശ്രദ്ധിക്കണം. വാഹനം കഴുകുന്ന കേന്ദ്രങ്ങളിൽ നിന്നും അടിഭാ​ഗം പ്രത്യേകം വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മാത്രമല്ല വാഹനം കഴുകിയ ശേഷം അടിഭാ​ഗം നന്നായി ഉണക്കണം.

മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ റസ്റ്റ് പ്രൊട്ടക്ഷൻ സ്പ്രേ ഉപയോ​ഗിച്ച് വാഹനങ്ങളുടെ അടിഭാ​ഗം സുരക്ഷിതമാക്കുന്നത് നല്ലതാണ്. അടിഭാ​ഗത്ത് റബ്ബറൈസ്ഡ് കോട്ടിം​ഗ് ഉണ്ടെങ്കിൽ അത് തുരുമ്പിൽ നിന്നും വാ​ഹനങ്ങൾക്ക് സംരക്ഷണവും നൽകും.

ഇലക്ട്രിക് വാഹനങ്ങളുടെ അടിഭാഗത്താണ് ബാറ്ററി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവികളിൽ കമ്പനി സ്ഥാപിക്കുന്ന മെറ്റൽ ഷീൽഡ് കേടുപാടുകൾ ഇല്ലാതെ സൂക്ഷിക്കുവാൻ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. ഇവികളുടെ വയറിംഗ് കണക്ഷനുകളിൽ വെള്ളം കയറുന്നില്ലെന്ന് ഉറപ്പാക്കുക എന്നതും പ്രധാനപ്പെട്ടതാണ്.

കെട്ടിക്കിടക്കുന്ന മലിനജലത്തിലും ഉപ്പുവെള്ളത്തിലും വാഹനം ഇറക്കേണ്ടി വന്നാൽ അന്ന് തന്നെ വാഹനത്തിന്റെ അടിഭാ​ഗം ശുദ്ധജലം ഉപയോഗിച്ച് വൃത്തിയായി കഴുകണം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലോ ഈർപ്പമുള്ള തറയിലോ പുല്ലിലോ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. മാത്രമല്ല വാഹനത്തിന്റെ അടിഭാഗത്ത് എവിടെയെങ്കിലും പെയിന്റ് ഇളകിയിട്ടുണ്ടെങ്കിൽ ഉടൻ അത് പരിഹരിക്കണം. വാഹനത്തിന്റെ മെറ്റൽ ഭാഗങ്ങൾ വായുവുമായും വെള്ളവുമായും സമ്പർക്കത്തിൽ വന്നാലും വേഗത്തിൽ തുരുമ്പെടുക്കും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News