ഗാസയിൽ മനുഷ്യക്കുരുതി അവസാനിപ്പിക്കാതെ ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രണത്തിൽ 19 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയും ആക്രണം ശക്തമാകുന്നതിന്റെ തെളിവാണ് പുറത്തുവരുന്ന വാർത്തകൾ.
ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ഗർഭിണിയടക്കം കൊലചെയ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിലെ ഏറ്റവും വലിയ കൊലപാതകങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഗാസ സിറ്റിയിലെ അൽ-സൂസി ടവറിലെ അപ്പാർട്ട്മെന്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ അബ്ദുള്ള അബു തൈഫ് (33), അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യ അബീർ അനാൻ (29), ഇവരുടെ അഞ്ച് വയസുകാരനായ മകൻ അസം എന്നിവർ കൊല്ലപ്പെട്ടു.
അൽ-ഖറാറയിലെ ഒരു വീട്ടിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മഹ്മൂദ് അൽ-ഹംസ് (38), ഭാര്യ ഫാത്തിമ (37), കൊച്ചു മകൾ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ദേർ എൽ-ബലായിൽ കമാൽ അബു മുഐലിഖ് (68), ഭാര്യ ഹുദ (59) എന്നിവർ സ്വന്തം വീട്ടിൽവെച്ച് കൊല്ലപ്പെട്ടു. ജബാലിയ അഭയാർത്ഥി ക്യാമ്പിലും അൽ-മവാസിയിലെ ടെന്റുകളിലും ഉണ്ടായ ആക്രമണങ്ങളിലും മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ALSO READ: ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണെ വെറുതെ വിട്ട് കോടതി
ദേർ എൽ-ബലായിലെ അൽ-അഖ്സ മാർട്ടിയേഴ്സ് ഹോസ്പിറ്റലിനോട് ചേർന്നുള്ള മരുന്ന് സംഭരണശാലകളും ഇസ്രയേൽ സൈന്യം ബോംബിട്ടു തകർത്തു. മരുന്നിനെയും രോഗത്തെയും യുദ്ധത്തിനുള്ള ആയുധമാക്കുന്നതിന് തുല്യമാണ് ഈ ആക്രമണമെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ മുനീർ അൽ-ബുർഷ് പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിനായി വാഷിംഗ്ടണിന്റെ 20 ഇന പദ്ധതി ട്രംപ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനമെല്ലാം കടലാസിൽ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹമാസ് ഈ പദ്ധതി അംഗീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇസ്രയേൽ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹമാസ് പൂർണമായും ആയുധങ്ങൾ താഴെവെക്കാതെ ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറയുന്നത്. സമാധാന ചർച്ചകൾക്കിടയിൽ ആക്രമണങ്ങൾ നിർത്തേണ്ട കാര്യം തങ്ങൾക്കില്ലെന്ന് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കോഹനും പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here