നിങ്ങൾ മൊബൈൽ ഫോണെടുത്ത് ഒരു കോൾ ചെയ്യാൻ തുടങ്ങുമ്പോൾ ഒരു അറിയിപ്പ് കേൾക്കാറില്ലേ ? പലരും അതൊരു ശല്യമെന്ന് പറയുമെങ്കിലും എന്താണ് ആ അറിയിപ്പ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുന്ന ഈ അറിയിപ്പ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചാണ്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇരയാകുന്നവർക്ക് തുണയായി സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930 എന്ന നമ്പർ ഉണ്ടായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും സംയുക്തമായാണ് ഈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടന്നാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെടുകയാണെങ്കിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ALSO READ: ഇങ്ങനെയൊക്കെ കൂടാമോ ? സ്വർണവില കേട്ട് ഞെട്ടി ആളുകൾ
ഓൺലൈൻ തട്ടിപ്പ് നടന്ന് പണം നഷ്ടപ്പെട്ടാലുടനെയുള്ള ആദ്യത്തെ ഒരു മണിക്കൂറിനെയാണ് ‘ഗോൾഡൻ അവർ’ എന്ന് വിളിക്കുന്നത്. ഈ സമയത്തിനുള്ളിൽ 1930-ൽ വിളിച്ച് പരാതിപ്പെട്ടാൽ, തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് എത്തിയ പണം അവിടെത്തന്നെ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അടിയന്തര നിർദ്ദേശം നൽകാൻ സാധിക്കും. ഇത് തട്ടിപ്പുകാർ പണം പിൻവലിക്കുന്നതോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതോ തടയാൻ സഹായിക്കും.
പണം തിരികെ ലഭിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം
ഉടനടി 1930-ൽ വിളിക്കുക: തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട നിമിഷം തന്നെ ഒട്ടും സമയം കളയാതെ 1930 എന്ന നമ്പറിലേക്ക് വിളിക്കുക. പോലീസ് സ്റ്റേഷനിൽ പോകുന്നതിനേക്കാൾ മുൻപ് ഈ നമ്പറിലാണ് വിളിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
കൃത്യമായ വിവരങ്ങൾ നൽകുക: പരാതി നൽകുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, തുക നഷ്ടപ്പെട്ട കൃത്യമായ സമയം, തുകയുടെ അളവ് എന്നിവ ഓപ്പറേറ്ററെ അറിയിക്കുക. ബാങ്കിൽ നിന്നും ലഭിച്ച മെസ്സേജിലെ ട്രാൻസാക്ഷൻ ഐഡി ഏറ്റവും പ്രധാനമാണ്.
സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുക: 1930-ൽ വിളിച്ച ശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് 24 മണിക്കൂറിനകം ഔദ്യോഗിക സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യണം.
ബാങ്കിൽ അറിയിക്കുക: അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും അനധികൃത ഇടപാടിനെക്കുറിച്ച് പരാതി നൽകാനും ബാങ്കിനെ ഉടൻ ബന്ധപ്പെടുക. ആർബിഐ നിയമപ്രകാരം 3 പ്രവൃത്തിദിനങ്ങൾക്കുള്ളിൽ ബാങ്കിനെ വിവരമറിയിച്ചാൽ ഉപഭോക്താവിന്റെ ബാധ്യത ഇല്ലാതാക്കാൻ സാധിക്കും.
തെളിവുകൾ ശേഖരിക്കുക: തട്ടിപ്പുകാരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ, എസ്എംഎസുകൾ, അവർ വിളിച്ച ഫോൺ നമ്പറുകൾ എന്നിവ തെളിവുകളായി സൂക്ഷിക്കുക.
ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന് ഇരയായാൽ ഒട്ടും മടിക്കാതെ ‘ഗോൾഡൻ അവറി’ൽ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും സൈബർ വിദഗ്ധർ നിർദ്ദേശിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here