തുടക്കം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിലേക്ക് ചുവടുവെക്കുന്ന വിസ്മയ മോഹൻലാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട് മനസ്സ് തുറന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഞാൻ എന്താണ് പറഞ്ഞതെന്നും ഉദ്ദേശിച്ചതെന്നും എനിക്ക് കൃത്യമായി അറിയാം. ഞാൻ എന്താണെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ പറഞ്ഞത് മറ്റാരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ, അത് അവരുടെ തെറ്റിദ്ധാരണയാണ്. ഞാൻ എന്താണ് ചിന്തിക്കുന്നതെന്നോ അനുഭവിക്കുന്നതെന്നോ തെളിയിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ പറഞ്ഞത് അങ്ങനെയല്ല, ഇങ്ങനെയണെന്ന് പറയേണ്ടതില്ല. എന്നെക്കുറിച്ച് ഞാൻ വിശദീകരിക്കേണ്ട കാര്യവുമില്ല. മറ്റൊരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്. അത് പരിഹരിക്കാൻ എനിക്ക് ഒന്നും ചെയ്യാനാകില്ല. എനിക്കതിന് താൽപ്പര്യവുമില്ല“ – വിസ്മയ മോഹൻലാൽ പറഞ്ഞു.
ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടും പോലീസ് നടപടിയെ വിമർശിച്ചുകൊണ്ടും വിസ്മയ മോഹൻലാൽ സാമൂഹ്യമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് പറഞ്ഞ് സംവിധായകൻ മേജർ രവി മുന്നോട്ട് വന്നു. താരത്തിന് നേരെ സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നും സംഘടിതമായ സൈബർ ആക്രമണവും ഉണ്ടായി.
“വിസ്മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്ത് പറഞ്ഞാലും വിവാദമാകുന്ന സമയമുണ്ട്. ഞാനൊക്കെ അങ്ങനെയാണ് കടന്നുപോകുന്നത്.” എന്ന് അഭിമുഖത്തിൽ പങ്കെടുത്ത മോഹൻലാലും മറുപടി പറഞ്ഞു. ഇതോടെ മേജർ രവി പറഞ്ഞ കാര്യങ്ങൾ മുഴുവനായും തള്ളിക്കളഞ്ഞിരിക്കുകയാണ് താര കുടുംബം.
വിസ്മയയോടൊപ്പം അമ്മ സുചിത്രയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന തുടക്കം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here