ആരോഗ്യ മന്ത്രി കെ മുരളീധരന്റെ പുനലൂർ പത്തനാപുരം സന്ദർശനങ്ങൾ വിവാദത്തിൽ. പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ മന്ത്രി മുദ്രാവാക്യങ്ങളോടെ സ്വീകരണം ഏറ്റുവാങ്ങിയെങ്കിൽ പത്തനാപുരത്ത് നിർമ്മാണത്തിലിരിക്കുന്ന താലൂക്കാശുപത്രിയെ ഹോട്ടലാക്കാം കൊള്ളാമെന്ന് പറഞ്ഞ് മന്ത്രി പരിഹസിക്കുകയും ചെയ്തു.
പുനലൂർ ആശുപത്രിക്ക് ഉള്ളിലാണ് കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രിക്ക് കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകർ സ്വീകരണം നൽകിയത്. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചാരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്. പാവങ്ങൾക്കുള്ള പൊതി ചോറിനെ വിലക്കിയ മന്ത്രി കെ.മുരളീധരന് ആശുപത്രിയിൽ സ്വീകരണം ഏറ്റുവാങ്ങാൻ നാണമില്ലെ എന്ന് ഡിവൈഎഫ്ഐ ചോദിക്കുന്നു.
പത്തനാപുരത്ത് മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായി പാവപ്പെട്ടവർക്കായി 5 സ്റ്റാർ നിലവാരത്തോടെ നിർമ്മിക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടത്തെ ഹോട്ടലാക്കാൻ കൊള്ളാമെന്ന് പറഞ്ഞ് അവലോകന യോഗത്തിൽ മന്ത്രി പരിഹസിച്ചിരുന്നു.
ജില്ലയുടെ കിഴക്കൻ മേഖല ആയിരകണക്കിന് ആദിവാസികൾ ജീവിക്കുന്ന ഇടം ഇവരെ കൂടി ലക്ഷ്യമിട്ടാണ് പുനലൂരിൽ സംസ്ഥാനത്ത് ആദ്യമായി 5 സ്റ്റാർ നിലവാരത്തിൽ താലൂക്കാശുപത്രി സ്ഥാപിച്ചത് തുടർന്ന് പത്തനാപുരത്തും നിർമ്മാണം അവസാന ഘട്ടത്തിലെത്തി. പാവങ്ങൾക്ക് 5 സ്റ്റാർ നിലവാരത്തിൽ ആശുപത്രി നിർമ്മിച്ചാൽ മന്ത്രി എന്തിന് എതിർക്കണമെന്ന് കെ.ബി ഗണേഷ് കുമാർ എഫ്ബി പോസ്റ്റിൽ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here