പ്രളയക്കെടുതിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കുട്ടനാട് എം എൽ എ റെജി ചെറിയാൻ മുഖ്യമന്ത്രി വി.ഡി. സതീശനും റവന്യു മന്ത്രിക്കുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സ്ഥിതിഗതികൾ വിലയിരുത്തുന്നതിലും സർക്കാരിന് വീഴ്ച പറ്റിയെന്നും കാര്യങ്ങൾ നേരിട്ട് ബോധിപ്പിക്കാൻ പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയോ റവന്യു മന്ത്രിയോ ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും ആയിരുന്നു എം എൽ എ ഇന്ന് പറഞ്ഞത്.
എന്നാൽ താൻ മന്ത്രിസഭാ യോഗത്തിൽ ആയതുകൊണ്ടാണ് ഫോൺ എടുക്കാതിരുന്നത് എന്ന മറുപടി നൽകി തടിയൂരാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് മുൻപ് വി.ഡി. സതീശൻ തന്നെ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രവർത്തന ശൈലിയെ പുകഴ്ത്തി സംസാരിച്ച വാക്കുകൾ ഇപ്പോൾ അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.
ALSO READ: ദുരിതാശ്വാസക്യാമ്പുകളിലെ ദുരവസ്ഥ; ചോദ്യങ്ങളെ പാടെ അവഗണിച്ച് മുഖ്യമന്ത്രി
മുൻപ് പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് പിണറായി വിജയൻ കാണിച്ച മാതൃകാപരമായ ഭരണനിർവ്വഹണത്തെ സതീശൻ പ്രശംസിച്ചിരുന്നു. “മഹാമാരിയുടെയും കാലത്തു ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചിട്ടുണ്ട്. പലവട്ടം ഒന്നുകിൽ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കിൽ 10 മിനിറ്റിനകം തിരിച്ചുവിളിക്കും” എന്നായിരുന്നു അന്ന് സതീശന്റെ വാക്കുകൾ. വിളിച്ചാൽ ഉടനടി പ്രതികരിക്കുകയും, പത്തു മിനിറ്റിനുള്ളിൽ തിരിച്ചു വിളിക്കുകയും ചെയ്യുന്ന പിണറായിയുടെ രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
സംസാരിച്ചാൽ കാര്യങ്ങൾ വ്യക്തമായി കേൾക്കുകയും ‘യെസ്’ എന്നോ ‘നോ’ എന്നോ കൃത്യമായി മറുപടി നൽകുകയും ചെയ്യുന്ന ശൈലിയായിരുന്നു പിണറായിയുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറുപടി ‘നോ’ ആണെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമെന്നും സതീശൻ പറയുന്നു. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ പിണറായി വിജയനോട് തനിക്ക് അടുപ്പം തോന്നിച്ച പ്രധാന ഘടകം ഈ കൃത്യനിഷ്ഠയും മറുപടി നൽകാനുള്ള മനസ്സുമാണെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
പിണറായി വിജയന്റെ വിളിപ്പുറത്തുള്ള കരുതലിനെ പ്രശംസിച്ച അതേ വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിൽ എത്തിയപ്പോൾ ജനപ്രതിനിധികളെ പോലും, അതും ഭരണപക്ഷത്തെ എംഎൽഎയെ പോലും അവഗണിക്കുന്നു എന്നതാണ് നിലവിലെ ആക്ഷേപം. ഒരു പ്രളയകാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ഒരു എം എൽ എ വിളിച്ചാൽ ഫോൺ എടുക്കാൻ പോലും മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെങ്കിൽ, പിണറായി വിജയനെ പ്രശംസിക്കാൻ ഉപയോഗിച്ച അതേ മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ വി ഡി സതീശൻ ഇന്ന് പരാജയമാണെന്ന് പറയാൻ സാധിക്കും.
മന്ത്രിസഭാ യോഗത്തിന്റെ പേര് പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുമ്പോൾ, മഹാമാരിയുടെയും പ്രളയത്തിന്റെയും അതിതീവ്ര ഘട്ടങ്ങളിലും ഫോൺ കോളുകൾക്ക് മറുപടി നൽകിയിരുന്ന പഴയ ഭരണാധികാരിയുടെ രീതി സതീശൻ ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വാക്കുകളിലെ വിസ്മയമല്ല, പ്രവൃത്തിയിലെ വേഗതയാണ് ഒരു ദുരന്തകാലത്ത് ജനങ്ങൾ ആഗ്രഹിക്കുന്നത്. പിണറായി വിജയനോട് തനിക്ക് അടുപ്പം തോന്നിച്ച ആ ഒരു ‘ഘടകം’ സ്വന്തം ഭരണത്തിൽ പകർത്തിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് സാധിക്കില്ലെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here