വാഹന മോഡിഫിക്കേഷൻ്റെ പേരിൽ യുഡിഎഫ് ജനങ്ങളെ വഞ്ചിച്ചു; ഡോ. വി. ശിവദാസൻ എം.പി.

V Sivadasan MP

വാഹന മോഡിഫിക്കേഷൻ്റെ പേരിൽ യുഡിഎഫ് ജനങ്ങളെ വഞ്ചിച്ചുവെന്ന് ഡോ. വി. ശിവദാസൻ എം.പി. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സർക്കാർ ഉയർത്തിക്കാട്ടിയ വാഗ്ദാനങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ലായിരുന്നുവെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ മറുപടി അത് വ്യക്തമാക്കുന്നതായി അദ്ദേഹം എം.പി. പറഞ്ഞു. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച മാനദണ്ഡങ്ങളോ സാങ്കേതിക സ്പെസിഫിക്കേഷനുകളോ സംസ്ഥാന സർക്കാരുകൾക്ക് സ്വതന്ത്രമായി രൂപീകരിക്കാൻ നിയമപരമായ അധികാരമില്ലെന്ന് ഡോ വി ശിവദാസൻ്റെ ചോദ്യങ്ങൾക്ക് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമായിരുന്നു.

കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നതനുസരിച്ച്, മോട്ടോർ വാഹന നിയമം, 1988-ലെ സെക്ഷൻ 52 പ്രകാരം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള വിവരങ്ങളിൽ വ്യത്യാസം വരുത്തുന്ന രീതിയിൽ വാഹനത്തിൽ മാറ്റം വരുത്താൻ കഴിയില്ല. അനുവദനീയമായ മാറ്റങ്ങൾ പോലും കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും സെൻട്രൽ മോട്ടോർ വൈക്കിൾസ് റൂൾസ് 1989-ന് വിധേയമായിരിക്കണമന്നും അദ്ദേഹം ചൂണ്ടികാട്ടി.

Also Read; അമിത് ഷാ സഭയിൽ എത്തണമെന്ന് പ്രതിപക്ഷം; വനിതാ സംവരണത്തിൻ്റെ മറവിൽ മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാർ

ഏറ്റവും നിർണായകമായി, വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളോ സാങ്കേതിക സ്പെസിഫിക്കേഷനുകളോ രൂപീകരിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നിയമം നൽകുന്നില്ല എന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് പൊതുസുരക്ഷയുടെ ഭാഗമായി വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കാനുള്ള പരിമിത അധികാരം മാത്രമാണ് സെക്ഷൻ 112(2) പ്രകാരം ഉള്ളത്. ഇതോടെ, തിരഞ്ഞെടുപ്പ് വേളയിൽ വാഹന മോഡിഫിക്കേഷനുകൾ വ്യാപകമായി അനുവദിക്കുമെന്ന രീതിയിൽ നൽകിയ രാഷ്ട്രീയ വാഗ്ദാനങ്ങൾ നിയമപരമായി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തമായ അടിസ്ഥാനമില്ലായിരുന്നുവെന്നത് കേന്ദ്ര സർക്കാരിന്റെ മറുപടിയിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന് ഡോ. വി. ശിവദാസൻ പറഞ്ഞു.

യുവാക്കളുടെയും വാഹന ഉടമകളുടെയും വികാരങ്ങളെ മുൻനിർത്തി യാഥാർഥ്യമില്ലാത്ത വാഗ്ദാനങ്ങൾ നൽകുന്നത് ഉത്തരവാദിത്തമുള്ള ഭരണരീതിയല്ല. നിലവിലുള്ള കേന്ദ്രനിയമം ഭേദഗതി ചെയ്യാതെ , അല്ലെങ്കിൽ കേന്ദ്ര മാനദണ്ഡങ്ങൾ മാറ്റാതെ സംസ്ഥാന സർക്കാരിന് വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് സ്വതന്ത്ര നയം നടപ്പാക്കാൻ കഴിയില്ല. ഇത് നിയമലംഘനത്തിലേക്ക് നയിക്കാനും, അനധികൃത മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾക്ക് പിഴയും രജിസ്ട്രേഷൻ സംബന്ധമായ നടപടികളും നേരിടേണ്ട സാഹചര്യം സൃഷ്ടിക്കാനും ഇടയാക്കുമെന്നും ശിവദാസൻ എം.പി ചൂണ്ടിക്കാട്ടി.

വാഹന ഉടമകൾ, വർക്ക്ഷോപ്പുകൾ, എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ എന്നിവർക്കിടയിൽ അനാവശ്യമായ നിയമപരമായ ആശയക്കുഴപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ, നിലവിലുള്ള മോട്ടോർ വാഹന നിയമത്തിന് അതീതമായി ഏത് വാഹന മോഡിഫിക്കേഷനാണ് നിയമപരമായി അനുവദിച്ചതെന്നും അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നും പൊതുജനങ്ങളോട് വ്യക്തമാക്കണം. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ കൊണ്ട് വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ മാറില്ല. നിയമപരമായി നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുന്നതിനുപകരം, നിയമാനുസൃതവും സുരക്ഷിതവുമായ പരിഹാരങ്ങൾ അവതരിപ്പിക്കുകയാണ് സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് തിരിച്ചറിഞ്ഞ് വാഹന ഉടമകളെ നിയമലംഘനത്തിന് പ്രേരിപ്പിക്കുന്ന നടപടികൾ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കരുതെന്ന് ഡോ. വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News