വിദ്യാർഥികൾക്ക് എതിരായ അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തി മറുപടി നൽകണം, അയോധ്യ രാമക്ഷേത്ര കൊള്ള എന്നിവ ഉയർത്തി ഇന്നും പ്രതിപക്ഷം ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തും. കഴിഞ്ഞ മാസം 20 നു വർഷകാല സമ്മേളനം ആരംഭിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, ആഭ്യന്തര മന്ത്രി അമിത് ഷായോ തുടർച്ചയായ 13 ദിവസങ്ങളിലും സഭയിൽ എത്തിയിരുന്നില്ല.
ഇന്നും ഇരുവരും സഭയിൽ വരാൻ സാധ്യത ഇല്ല. അമിത് ഷാ സഭയിൽ എത്തിയാൽ പ്രതിപക്ഷം വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിലും, AK 47 ഉപയോഗിച്ചതിലും നിർദേശം നൽകിയത് ആരാണെന്ന ചോദ്യം ഉയർത്തി മറുപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നതിനാൽ തന്നെയാണ് സഭയിൽ എത്താത്തത്.
ജനന മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കേണ്ടത് അമിത് ഷാ എന്നിരിക്കെ പോലും സഭയിൽ നിന്ന് മാറുന്നതിനാൽ കഴിഞ്ഞ ദിവസം ആഭ്യന്തര സഹ മന്ത്രി ആയിരുന്നു രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചത്. ഇരുവരും ബി ജെ പി പാർലമെൻ്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും സഭയിൽ എത്താത്തതാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കാൻ കാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here