ജനങ്ങൾ പ്രളയ ദുരിതത്തിൽപ്പെട്ട് കഷ്ടതയനുഭവിക്കുമ്പോൾ ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകരോട് തട്ടിക്കയറിയും തെറ്റായ വിവരങ്ങൾ പങ്കുവെച്ചും മുഖ്യമന്ത്രി വി ഡി സതീശന്റെ പത്രസമ്മേളനം. ദുരിതകാലത്തെ മുഖ്യമന്ത്രിയുടെ പ്രകടനം വ്യാപകമായ വിമർശനത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നും വിമർശിക്കപ്പെട്ടു.
പ്രളയം വന്ന് ഒരുദിവസം പൂർത്തിയായതിന് ശേഷമാണ് മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളെ കാണുന്നത്. എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ജനങ്ങളുടെ ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ മുഖ്യമന്ത്രി അവഗണിച്ചു.
ജനങ്ങൾ ദുരന്തത്തിൽപ്പെട്ട് നിൽക്കുമ്പോൾ ഹെലികോപ്റ്ററിൽ യാത്ര പോയത് വ്യക്തിപരമായ കാര്യത്തിനല്ലെന്നും സ്വകാര്യ നിക്ഷേപക ഗ്രൂപ്പിനെ കാണാനാണെന്നുമാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ആ സ്വകാര്യ ഗ്രൂപ്പ് ഏതാണ് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. സംസ്ഥാനത്തിന് അത്രയും പ്രാധാന്യമുള്ള ഒരു നിക്ഷേപവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയതെങ്കിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും യാത്രയിൽ കൂടെ ഉണ്ടാകേണ്ടതല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മുഖ്യമന്ത്രി ഒളിച്ച് കളിക്കുകയാണെന്നും ആരോപണമുണ്ട്.
ഹെലികോപ്റ്റർ യാത്ര ചെയ്തതിന് അഞ്ച് പൈസ ചെലവില്ല, ഇരുപത്തിയഞ്ച് മണിക്കൂർ വരെ സൗജന്യമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി ആ സൗജന്യ യാത്ര പൊതു ആവശ്യത്തിന് ഉപയോഗിക്കാനല്ലെ, സ്വകാര്യ ആവശ്യത്തിന് അല്ലല്ലോ എന്ന ചോദ്യം വന്നപ്പോൾ ഒഴിഞ്ഞുമാറി.
എല്ലാ പത്രസമ്മേളനത്തിലെയും പോലെ ഇന്നും മുഖ്യമന്ത്രി ഒരു നുണ ആവർത്തിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പറഞ്ഞത്. എന്നാൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർടി സമ്മേളനത്തിൽ പങ്കെടുക്കവെയാണ് കേന്ദ്ര സംഘം തലസ്ഥാനത്ത് മിന്നൽ സന്ദർശനം നടത്തുന്നുവെന്ന് അറിയിച്ചത്. ആ സംഘത്തെ കാണാൻ പോകാനാണ് അന്ന് പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇത് മറച്ചുവെച്ചാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന മുഖ്യമന്ത്രി വി ഡി സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതോടൊപ്പം പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചതിനെ താൻ അന്ന് വിമർശിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

അതിരൂക്ഷമായ കാലവർഷക്കെടുതി നേരിടുന്നതിനിടെ നാല് സ്വകാര്യ പരിപാടികളിൽ പങ്കെടുത്തത് ശരിയാണൊ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ എങ്കിൽ നിങ്ങൾ ഇവിടെ ഇരുന്ന് പ്രസംഗിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദുരിതബാധിതർ വ്യാപകമായി പരാതി ഉന്നയിക്കുമ്പോഴും എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനത്തിലെ ഏകോപനം സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്ന് യുഡിഎഫ് ജനപ്രതിനിധികൾ തന്നെ പറയുമ്പോഴും മുഖ്യമന്ത്രി അത് പരിഹരിക്കാനുള്ള ശ്രമം പോലും നടത്തുന്നില്ലെന്നും പരാതി ഉയരുകയാണ്.
പ്രളയ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും അമ്പേ പാളിപ്പോയ യുഡിഎഫ് സർക്കാരിനെതിരെ വലിയ ജനരോഷമാണ് ഉണ്ടാകുന്നത്. മാധ്യമങ്ങളിൽ പ്രതികരിക്കുന്ന ദുരിതബാധിതരെ യുഡിഎഫ് സൈബർ ടീം വ്യാപകമായി ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും പരാതിയുണ്ട്.
Also Read – കാലവർഷക്കെടുതിയിൽ പൊലിഞ്ഞത് 15 ജീവനുകൾ; 7 പേരെ കാണാതായെന്ന് മുഖ്യമന്ത്രി
കഴിഞ്ഞദിവസം കോഴഞ്ചേരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ഒരു അമ്മ മാധ്യമങ്ങളോട് പറയുകയുണ്ടായി. ആ അമ്മയെ സിപിഐ എം നേതാവ് പറഞ്ഞുപറയിപ്പിച്ചതാണെന്ന് പ്രചരണം നടത്തുവാനാണ് കോൺഗ്രസ് സൈബറിടങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചത്. അതിനായി കോൺഗ്രസുകാരിയായ മകളെ ഉപയോഗിച്ച് ആ അമ്മയെ ഭീഷണിപ്പെടുത്തിയതായി പിന്നീട് വെളിപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ദുരിതബാധിതരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് സൈബർ പ്രവർത്തനത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. അതേ സമയം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്ന തിരക്കിലാണ് സിപിഐ എം പ്രവർത്തകർ. കോഴഞ്ചേരിയിലെ ക്യാമ്പിൽ രാത്രി കറണ്ടില്ലാത്ത പ്രശ്നം വന്നപ്പോൾ ജനറേറ്റർ എത്തിച്ച് പ്രശ്നം പരിഹരിച്ചതും പ്രദേശത്തെ സിപിഐ എം പ്രവർത്തരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here