
വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യാനുളള അധികാരം പോലും സുപ്രീംകോടതിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുളള കടന്നുകയറ്റമാണിതെന്നും കേന്ദ്രസര്‍ക്കാര്‍.
വഖഫ് നിയമ ഭേദഗതിയില്‍ തത്സ്ഥിതി തുടരണമെന്ന സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭാഗികമായി പോലും സ്റ്റേ ചെയ്യാനുളള അധികാരം സുപ്രീംകോടതിക്കില്ലെന്ന് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്തരം നടപടികള്‍ പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുളള കടന്നുകയറ്റമാണ്.
നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പൂര്‍ണമായും തളളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കളില്‍ തത്സ്ഥിതി തുടരണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെയും കേന്ദ്രം സത്യവാങ്മൂലത്തില്‍ എതിര്‍ക്കുന്നു. വഖഫ് സ്വത്തുക്കളില്‍ 116% വര്‍ദ്ധനവാണ് ഉണ്ടായത്. 2013ന് ശേഷം 20 ലക്ഷം ഹെക്ടറിന് മുകളില്‍ ഭൂമിയാണ് വഖഫ് സ്വത്തുക്കളായത്. ഇത് ഞെട്ടിക്കുന്ന കണക്കാണെന്ന് കേന്ദ്രം പറയുന്നു. വന്‍തോതില്‍ സ്വകാര്യ, സര്‍ക്കാര്‍ സ്വത്തുക്കള്‍ വഖഫായി മാറിയെന്ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി കണ്ടെത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
2025 സെപ്റ്റംബര്‍ 5 വരെ സംയുക്ത സമിതിക്ക് ലഭിച്ച ഡാറ്റ പ്രകാരം, 32 നഗരങ്ങളില്‍ 25 എണ്ണത്തില്‍ നിന്ന് ആകെ ‘5975’ സര്‍ക്കാര്‍ സ്വത്തുക്കള്‍ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. വഖഫ് ബോര്‍ഡുകളില്‍ അമുസ്ലീംങ്ങളെ തത്ക്കാലം നിയമിക്കരുതെന്ന കോടതി നിര്‍ദേശത്തെയും കേന്ദ്രം എതിര്‍ത്തു. 22 അംഗ വഖഫ് കൗണ്‍സിലില്‍ നിയമഭേദഗതി അനുസരിച്ച് നാല് പേര് മാത്രമാണ് അമുസ്ലീംങ്ങള്‍. അതുകൊണ്ട് തന്നെ കൗണ്‍സിലില്‍ അമുസ്ലീങ്ങള്‍ ന്യൂനപക്ഷമാണെന്നാണ് കേന്ദ്രവാദം.
ലോകവ്യാപകമായി വഖഫ് സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമായ നടത്തിപ്പില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍ക്കൊളളിക്കുന്നതില്‍ യാതൊരു ഏകപക്ഷീയത ഇല്ലെന്നും കേന്ദ്രം വാദിക്കുന്നു. മാത്രമല്ല, വഖഫ് ഭേദഗതിക്ക് ശേഷം അനീതി നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് മേയ് 5ന് പരിഗണിക്കും.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here