
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തും. ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനുള്ള ശ്രമമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആര്‍എസ്എസ്- ബിജെപി ബന്ധത്തെപ്പോലും കാര്യമായി ബാധിച്ചിരുന്നു.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്. മുമ്പ് ഒരു പ്രധാനമന്ത്രിയും ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ മോദിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യവുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയില്ല എന്ന് മാത്രമല്ല, ഉത്തര്‍പ്രദേശിലടക്കം തിരിച്ചടി നേരിട്ടത് ആര്‍എസ്എസിന്റെ സഹായം ലഭിക്കാത്തതുകൊണ്ടാണെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നരേന്ദ്രമോദിയെ മാത്രം ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോയതില്‍ ആര്‍എസ്എസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്നും ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത നേടിയെന്നുമുളള പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്താവനയും ആര്‍എസ്എസിനെ ചൊടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ആര്‍എസ്എസുമായി അടുക്കാനുളള ശ്രമമായിരുന്നു മോദി ആദ്യം നടത്തിയത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ, മുത്തലാഖ് നിരോധനം, പൗരത്വ നിയമഭേദഗതി, കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഏകീകൃത സിവില്‍ കോഡ് എന്നിങ്ങനെ ആര്‍എസ്എസ് അജണ്ട നടപ്പാക്കി പ്രീതിപ്പെടുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. മികച്ച വിജയം നേടിയ മഹാരാഷ്ട്ര, ഹരിയാന, ദില്ലി ഉള്‍പ്പെടെ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ആര്‍എസ്എസിന്റെ അകമഴിഞ്ഞ സഹായം ലഭിച്ചുവെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്.
നാഗ്പുര്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമായി ഒന്നുമില്ലെന്ന് ബിജെപി പറയുമ്പോഴും ആര്‍എസ്എസുമായുളള ബന്ധം ശക്തിപ്പെടുത്തുക തന്നെയാണ് മോദിയുടെ പ്രധാന അജണ്ട. നാഗ്പുരിലെത്തുന്ന മോദി ആര്‍എസ്എസ് ആസ്ഥാനമായ ഹെഡ്ഗേവാര്‍ സ്മൃതി മന്ദിരം സന്ദര്‍ശിക്കും. ആര്‍എസ്എസ് നിര്‍മ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്റര്‍ കെട്ടിടത്തിന് തറക്കല്ലിടും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി വേദി പങ്കിടും. 2012 സെപ്റ്റംബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി അവസാനമായി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്. ബിജെപിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തിലും ആര്‍എസ്എസിന്റെ റോള്‍ വ്യക്തമാക്കുന്നതാണ് മോദിയുടെ സന്ദര്‍ശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


