
സംസ്ഥാനത്തെ എല്ലാ മേഖലയിലുമുള്ള കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക എന്നത്
സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷി മേഖലയും, അതിഥി തൊഴിലാളികളുടെ കുട്ടികളെയും ചേര്‍ത്തു നിര്‍ത്തുന്നതിന് സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ – പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
ഈ വര്‍ഷം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി സവിശേഷ ബധിര വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക പാഠപുസ്തകങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ കുട്ടികളുടെ സവിശേഷമായ കഴിവുകള്‍ പരിഗണിച്ചാണ് എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ പ്രകാശനവും വിതരണവും ജൂണ്‍ 30-ാം തീയതി തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തില്‍ വെച്ച് നടക്കും. പുതിയ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി 32 സവിശേഷ വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്കുള്ള പരിശീലനവും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ഹയര്‍സെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണം. സംസ്ഥാനത്തെ ഹയര്‍സെക്കന്ററി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കും. നിലവില്‍ രണ്ടായിരത്തി പതിനഞ്ചില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളില്‍ ഉപയോഗിച്ചുവരുന്നത്.
കഴിഞ്ഞ 10 വര്‍ഷക്കാലയളവിനിടയില്‍ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികള്‍ പരിഗണിച്ചു കൊണ്ടും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുക. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്‌കരണത്തില്‍ ഗൗരവമായി പരിഗണിക്കും.
11, 12 ക്ലാസ്സുകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങളും കടമകളും കുറിച്ചുള്ള പാഠഭാഗങ്ങളുമുണ്ടാകും. ആദ്യഘട്ടത്തില്‍ എസ്.സി.ഇ.ആര്‍.ടി. യുടെ 80 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഈ അദ്ധ്യയന വര്‍ഷം പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം കുട്ടികളുടെ കൈകളില്‍ പുതിയ പുസ്തകങ്ങള്‍
എത്തിച്ചേരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here