
ഞായറാഴ്ചകളില്‍ ദൂരദര്‍ശനിലെ നാലുമണിപടങ്ങള്‍ കാണാന്‍ കാത്തിരുന്ന ഒരു തലമുറയുടെ ബാല്യം. ഏതായിരിക്കും സിനിമയെന്ന് അറിയാനുള്ള ആകാംക്ഷയില്‍ മിനിറ്റുകളും സെക്കന്‍റുകളും എണ്ണിയുള്ള കാത്തിരിപ്പ്. പ്രാരാബ്ധക്കരാനായ ദാസനും തോറ്റുപോയ ബസ് മുതലാളി മുരളീധരനും കടമില്ലാത്ത നാട്ടിലേക്ക് അമ്മയെ കൂട്ടികൊണ്ടു പോകുന്ന ഗോപാലകൃഷ്ണനും ജോലിക്കായി ഗൂര്‍ഖാ വേഷം വരെ കെട്ടിയ രാംദാസും പല സായഹനങ്ങളിലും വന്നുപോയി. അവിടെ നിന്നുമാണ് അയാള്‍ ആ കാലത്തിന്‍റെ ഇടനെഞ്ചില്‍ സ്ഥാനം നേടിയത്.
അയാള്‍ ഇന്നും തലമുറകളുടെ സ്വന്തമാണ്. ഇന്നത്തെ യുവത്വം അയാളെ അതേ ആവേശത്തില്‍ തീയറ്ററുകളിലും ഒടിടികളിലും ആസ്വദിക്കുന്നു. അയാളുടെ ചിരിയും കരച്ചിലും ഇണക്കവും പിണക്കവും ദേഷ്യവും പ്രണയവും എല്ലാം നമ്മളുടേതുമാകുന്നു.
സർവാംഗങ്ങളിലും അഭിനയരസം നിറഞ്ഞു നിൽക്കുന്ന കലാകാരന്‍. വാക്കിലും നോക്കിലും മാത്രമല്ല വിരൽത്തുമ്പിലും ഇമകളിലും നാസികത്തുമ്പില്‍ പോലും അഭിനയത്തെ സ്വാംശീകരിച്ച നടന്‍. അയാള്‍ മനുഷ്യജീവിതത്തിൽ സംഭവ്യമായത് എന്തിനെയും നമ്മുക്ക് മുന്നില്‍ പകര്‍ത്തിവെച്ചു. മലയാളി ഇത്രകണ്ട് ആസ്വദിച്ച് ഒരു കാമുകന്‍ വേറെയുണ്ടോ. ഗാഥാജാമിന് പരസ്യം ചെയ്യാന്‍ നടന്ന ഉണ്ണികൃഷ്ണനും കാര്‍ത്തുമ്പി മുദ്ഗൗ ചോദിച്ച മാണിക്യനും നീനയെ നഷ്ടമായ ബോബിയും അങ്ങനെ സമ്പന്നമായിരുന്നു ആ പ്രണയകാലം.
അയാള്‍ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തെ ആയുസ് കൊണ്ട് തുന്നിച്ചേർക്കുന്ന സഹോദരന്‍ ആയിരുന്നു. പ്രതിസന്ധികള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കും ഇടയില്‍ പ്രണയത്തെ ചേര്‍ത്തുപിടിക്കുന്ന പ്രണയിതാവായിരുന്നു. സൗഹൃദകൂട്ടങ്ങളുടെ നേതാവായിരുന്നു. കുടുംബമെന്ന കൂടിനെ ജീവന്‍ കൊടുത്തും ജീവന്‍ എടുത്തും സംരക്ഷിക്കുന്ന കുടുംബനാഥനായിരുന്നു.
അയാള്‍ കഥാപാത്രങ്ങള്‍ക്കായി പലതും പഠിച്ചു. തെരുവ് സര്‍ക്കസുകാരനായ വിഷ്ണു, നെരിപ്പോടു പോലെ നീറുന്ന കഥകളിക്കാരന്‍ കുഞ്ഞിക്കുട്ടന്‍, നൃത്താധ്യാപകനായ നന്ദഗോപനും പാട്ടുകാരന്‍ അബ്ദുള്ളയും അയാളില്‍ ഭദ്രമായിരുന്നു.അയാള്‍ സര്‍വകലാവല്ലഭന്‍ ആയിരുന്നില്ല, മറിച്ച് സര്‍വകലകളും അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന സര്‍വവും തികഞ്ഞ അഭിനേതാവായിരുന്നു. അതുകൊണ്ടാണ് അയാള്‍ ഇന്നും കാലാതീതമായത്. ദുഃഖത്തിന്‍റെ സകലതലങ്ങളെയും ആവാഹിച്ചെടുക്കുന്ന എത്രയെത്ര അഭിനയ മുഹൂര്‍ത്തങ്ങള്‍. അപ്രതീക്ഷിത വിയോഗങ്ങളില്‍ ഞെട്ടിത്തരിക്കുന്ന, പൊട്ടിത്തകരുന്ന നിസംഗമായി നേരിടുന്ന അങ്ങനെ ഒരു മനുഷ്യന് അസാധ്യമെന്ന് കരുതുന്ന പലതും അയാള്‍ നമ്മുക്ക് മുന്നില്‍ വരച്ചിട്ടു. വികാരങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ നേരിയ ചലനങ്ങളില്‍ പോലും പ്രതിഫലിപ്പിക്കുന്ന രംഗങ്ങള്‍.
ALSO READ; ‘വാടാ വേടാ..’; വേടന്‍ വീണ്ടും സിനിമയില്‍ പാടുന്നു, നരിവേട്ടയിലെ പ്രൊമോ ഗാനം പുറത്തിറങ്ങി
മലയാള സിനിമാചരിത്രത്തില്‍ പകരം വെക്കാനാവാത്ത മകന്‍ ആയിരുന്നു അയാള്‍. ജീവിതത്തില്‍ അമ്മയോട് പുലർത്തിയിരുന്ന നിഷ്കളങ്ക സ്നേഹം അയാളുടെ കഥാപാത്രങ്ങളില്‍ നിറഞ്ഞു നിന്നു. അമ്മയെന്ന സ്നേഹത്തോട് അടിമപ്പെട്ടുപോകുന്ന, ആ സ്നേഹത്തിനായി കൊതിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. ആര്‍ക്കും സ്നേഹം കൊടുക്കാത്ത, സ്നേഹം കിട്ടാത്ത വാടകഗര്‍ഭപാത്രത്തില്‍ പിറന്ന മകനെപ്പോലും നഷ്ടമായി ഒടുവില്‍ വീട്ടുജോലിക്കാരിയായ മാഗിയില്‍ അമ്മയെ തേടുന്ന രാജീവിനെ കണ്ടപ്പോള്‍ അയാള്‍ കരഞ്ഞതിനേക്കാള്‍ കൂടുതല്‍ നമ്മള്‍ കരഞ്ഞു.
അയാള്‍ അമ്മ മകന്‍ മാത്രമല്ല, അച്ഛന്‍റേതുമായിരുന്നു. മിക്കയിടത്തും അച്ഛനോട് കലഹിച്ച്, പ്രതിഷേധിച്ച്, വീടുവിട്ട് തിരികെയെത്തുന്ന മകന്‍. അച്ഛനുവേണ്ടി കലഹിക്കുന്ന, അച്ഛനു മുന്നില്‍ മാത്രം തോറ്റുപോകുന്ന മകന്‍. എന്നന്നേക്കുമായി അച്ഛന്‍ നഷ്ടമാകുമ്പോള്‍ പൊട്ടിത്തകരുന്ന അയാളെ കണ്ട് നമ്മളും തകര്‍ന്നു. ഭ്രാന്തിന്‍റെ, മറവിയുടെ ക്ഷമയുടെ കീഴടങ്ങലിന്‍റെ പ്രതികാരത്തിന്‍റെ നഷ്ടബോധത്തിന്‍റെ വിട്ടുകൊടുക്കലിന്‍റെ വ്യത്യസ്ത മുഖങ്ങള്‍.
കഥാപാത്രങ്ങള്‍ ആവശ്യപ്പെട്ടതെന്തും അയാള്‍ മടികൂടാതെ അഭിനയിച്ചു. പ്രണയത്തെ, വാത്സല്യത്തെ, കാമത്തെ, വീരത്തെ എല്ലാം അയാള്‍ നമ്മുക്ക് മുന്നില്‍ അവതരിപ്പിച്ചു. കുടുംബത്തിനായി, കൂടെ നില്‍ക്കുന്നവര്‍ക്കായി, ആരോരുമില്ലാത്തവര്‍ക്കായി അയാള്‍ ദേവനും അസുരനും നേതാവുമായി. അഭിനയത്തിന്‍റെ വ്യത്യസ്ത തലങ്ങളില്‍ ഒരു ഭ്രാന്തനെപ്പോലെ ഓരോ കഥാപാത്രങ്ങളിലും നിന്നും അയാള്‍ പുതിയ പാഠങ്ങള്‍ പഠിച്ച്, പുതിയ രസങ്ങള്‍ കണ്ടെത്തിയപ്പോള്‍ കാലം അയാള്‍ക്ക് കിരീടവും ചെങ്കോലും നല്‍കി.
ഒരു സമയത്ത് തമിഴ്, തെലുങ്ക് മാസ് മസാല പടങ്ങളുടെ അരികുപറ്റി തമ്പുരാന്‍ കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചപ്പോല്‍ മലയാളി മുഖംതിരിച്ചു. പരാജയങ്ങള്‍ തുടര്‍ക്കഥയായി. ഇനിയൊരിക്കലും ഒരു തിരിച്ചു വരവില്ലെന്ന് ചിലര്‍ വിധിയെഴുതി. ആ മുഖത്ത് ഇനിയൊരു ഭാവവും വരാനില്ലെന്ന് ചിലര്‍ അധിക്ഷേപിച്ചു. മുന്‍വിധികളെ മാറ്റിയെഴുതിയ കഥാപാത്രങ്ങളിലൂടെ അയാള്‍ വീണ്ടും തിരിച്ചുവന്നു. അവകാശവാദങ്ങള്‍ ഇല്ലാതെയുള്ള ആ കടന്നുവരവുകളില്‍ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞപ്പോള്‍ ഇകഴ്ത്തിയവര്‍ തന്നെ പുകഴ്ത്തി. ഗുജറാത്ത് കലാപത്തിന്‍റെ ക്രൂരമുഖം വെള്ളിത്തിരയിൽ എത്തിച്ചപ്പോൾ അയാൾക്കെതിരെ സംഘപരിവാർ ആക്രമണമുണ്ടായി. എന്നാൽ, പ്രിയപ്പെട്ട ലാലേട്ടന് ബോക്സോഫീസിൽ വൻവിജയം നേടിക്കൊടുത്താണ് മലയാളികൾ അതിനു പകരം ചോദിച്ചത്. ഷൺമുഖനായെത്തി, മലയാളത്തിന്‍റെ മോഹൻലാൽ ‘തുടരും’ എന്ന് വിമർശകരെ കൊണ്ട് തന്നെ പറയിപ്പിക്കുകയും ചെയ്തു.
ചുരുക്കം ചിലരുടെ ജന്മദിനം മഹത്തരമാക്കുന്നത് നമ്മള്‍ നേരുന്ന ആശംസയേക്കാള്‍ ആ ജന്മം നമ്മുക്ക് സമ്മാനിച്ച മാതാപിതാക്കള്‍ക്ക് നന്ദി അറിയിക്കുമ്പോഴാകും. ഇന്ന് ഇതാ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍, നന്ദി പറയുകായണ് മോഹന്‍ലാലെന്ന പ്രതിഭാസത്തിന് ജന്മം നല്‍കിയ ആ അമ്മയോട്. ഒരായിരം ജന്മദിനാശംസകള്‍. മലയാളത്തിന്‍റെ മോഹന്‍ലാല്‍ ഈ ജൈത്രയാത്ര തുടരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

